തൃശൂര്‍: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയിലെ അംഗങ്ങളെല്ലാം മാനസികാരോഗ്യ പരിചരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ ഐപിഎസ് പറഞ്ഞു. ഇസാഫ് ഫൗണ്ടേഷനും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ തൃശൂര്‍ ഘടകവും ചേര്‍ന്ന് ജില്ലയിലെ 23 പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നടത്തിയ ‘ജോലിസ്ഥലത്തെ മാനസികാരോഗ്യം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പൊലീസ് സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തണം. ആരോഗ്യകരമായ ഉദ്യോഗസ്ഥ ബന്ധം ഉടലെടുത്താല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കുകയുള്ളു. നിരന്തരമായി ജോലി ചെയ്യാതെ, കൃത്യമായ ഇടവേളകളില്‍ അവധിയില്‍ പ്രവേശിക്കുകയും കുടുംബങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യണം.’- അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിറകെ പോകുന്നത് അമിത വേഗത ഉണ്ടാക്കി അപകടം ക്ഷണിച്ചു വരുത്തുമെന്നും ബദല്‍ മാര്‍ഗങ്ങളിലൂടെ ആ സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസാഫ് ഫൗണ്ടേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ പി ഇഞ്ചക്കലോടി അധ്യക്ഷത വഹിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെബിന്ദ് കുമാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ധന്യ വി.എസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല റിസര്‍ച് ഡീന്‍ ഡോ. കെ എസ് ഷാജി, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി തൃശൂര്‍ ബ്രാഞ്ച് സെക്രട്ടറി ഡോ. വിജുനാഥ് തിലകന്‍, എഎസ്‌ഐ ഷിജി പി ബി, ഇസാഫ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ മെറീന ജോസഫൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.