പടിഞ്ഞാർക്കര വീടുകളിലെ കലങ്ങളിൽ സ്വന്തമായി വിളയിച്ചെടുത്ത അരി സമർപ്പിക്കും
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ധനു, മകര മാസങ്ങളിൽ നടക്കുന്ന കലംകനിപ്പിനായി ഉദുമ പടിഞ്ഞാർക്കര പ്രദേശത്തുനിന്നുള്ള വീടുകളിൽ നിന്ന് സമർപ്പിക്കുന്ന കലങ്ങളിൽ സ്വന്തമായി വിളയിച്ച് കൊയ്തെടുത്ത അരി ആയിരിക്കും നിറക്കുക. അതിനായുള്ള വിളവെടുപ്പ് കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഉദുമ പടിഞ്ഞാർക്കര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ കൊപ്പൽ കടപ്പുറം വയലിലെ ഒന്നര ഏക്കർ തരിശു നിലത്തിൽ മൂന്ന് മാസം മുൻപ് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പാണ് തിങ്കളാഴ്ച നടന്നത്. സമിതി പ്രസിഡന്റ് വിനോദ് കൊപ്പൽ അധ്യക്ഷതവഹിച്ചു, സെക്രട്ടറി എ.കെ സുകുമാരൻ , വാർഡ് അംഗം ജലീൽ കാപ്പിൽ, എ.വി. വാമനൻ, പ്രഭാകരൻ.കെ കൊപ്പൽ, വി.വി. ശാരദ, മനോജ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.