നവകേരള യാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. നവകേരളയാത്രയില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കണം എന്ന വിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പിലാക്കാരുതെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. കാസര്‍ഗോഡ്, കൊട്ടോടി സ്വദേശിയായ ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
വിദ്യാര്‍ത്ഥിനിയായ തന്റെ മകളും മറ്റു കുട്ടികളും സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതാണെന്നും, പ്രവര്‍ത്തി ദിവസം ബസ് വിട്ടു നല്‍കാന്‍ ഉള്ള നിര്‍ദേശം സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. മാത്രമല്ല മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരവും പെര്‍മിറ്റ് പ്രകാരവും സ്‌കൂള്‍ ബസുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക് മാത്രമേ ഉപയോഗിക്കാവൂ എന്നു നിഷകര്‍ശിച്ചിട്ടുണ്ട്. അതു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും അധ്യാപകരും മറ്റു സ്‌കൂള്‍ ജീവനക്കാരും നവകേരള യാത്രയില്‍ നിശ്ചയമായും പങ്കെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ വാക്കാല്‍ ഉള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും, ഇത്തരം നിര്‍ദേശങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനതെയും വിദ്യാര്‍ത്ഥികളേയും മോശമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. എന്‍.ആനന്ദ് ഹാജരായി.