പാലക്കുന്ന് : ടൂറിസ വികസനവുമായി ബന്ധപ്പെട്ട’ക്ലീന്‍ ആന്‍ഡ് ബ്യൂട്ടി ഉദുമ’പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കുന്ന് പട്ടണത്തിന്റെ പ്രധാന പൊതു ഇടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കി.ബേക്കല്‍ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷന്റെ പ്രവേശന കവാടമായ പാലക്കുന്ന് ടൗണ്‍ വൃത്തിയുള്ള നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച രാവിലെ പൊതു ഇട ശുചീകരണം നടെത്തിയെത്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ഗേറ്റ് മുതല്‍ അംബിക ഓഡിറ്റോറിയം വരേയും കോട്ടിക്കുളം യു. പി സ്‌കൂള്‍ മുതല്‍ ബേക്കല്‍ പാലസ് ഹോട്ടലിന് തൊട്ടു തെക്കു ഭാഗം വരെ സംസ്ഥാന പാതയോരങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് ഞായറാഴ്ച നീക്കം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ലയണ്‍സ് ക്ലബ്, മര്‍ച്ചന്റ് നേവി ക്ലബ്, സിപിഎം പാലക്കുന്ന് ഒന്നും രണ്ടും ബ്രാഞ്ച് കമ്മിറ്റികള്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, ഹരിത സേനാംഗങ്ങള്‍ എന്നിവരാണ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ചാക്കുകളില്‍ നിറച്ച് നീക്കം ചെയ്തു. പാലക്കുന്ന് ക്ഷേത്രത്തിന് മുന്‍വശമുള്ള കള്‍വേട്ടറിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യും. ടൗണില്‍ വടക്കേ യു ടേണ്‍ മുതല്‍ തെക്കേ യു ടേണ്‍ വരെയുള്ള ഡിവൈഡറില്‍ ഇന്റര്‍ലോക് പാകലും അനുബന്ധ ജോലികളും പുരോഗമിക്കുന്നു.പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ തൊട്ടികള്‍, പൂന്തോട്ടം, അലങ്കാര വിളക്കുകള്‍, കുടിവെള്ളം സൗകര്യം, നിരീക്ഷണ കാമറകള്‍ എന്നിവ ക്ലീന്‍ പാലക്കുന്നിന്റെ ഭാഗമായി സ്ഥാപിക്കും.ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 6 ന് ശുചിത്വ ദീപം തെളിയിക്കും. എല്ലാവരും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അറിയിച്ചു.