വാഹനപൂജയ്ക്ക് വഴിയോരത്ത് സൗകര്യമൊരുക്കി പാലക്കുന്നിലെ ടെമ്പോ ഡ്രൈവര്‍ന്മാര്‍

പാലക്കുന്ന്:സംസ്ഥാന പാതയോരത്ത് മഹാനവമി നാളില്‍ വാഹനപൂജയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി പാലക്കുന്ന് ടൗണിലെ മിനി ടെമ്പോ ഡ്രൈവര്‍മാര്‍. നിരവധി വാഹനങ്ങള്‍ പൂജയ്ക്കായി പാലക്കുന്ന് ക്ഷേത്ര പ്രവേശന കവാടത്തിന് എതിര്‍ വശത്ത് രാവിലെ തന്നെ എത്തി സ്ഥാനം പിടിച്ചു. ഇതില്‍ ആംബുലന്‍സുകളും ബസുകളുമടക്കം നിരവധി വാഹനങ്ങള്‍ പെടും. ഒരു കുഞ്ഞുമോന്റെ കളിപ്പാട്ട സൈക്കിളും ഇതില്‍ പെടും. അവര്‍ പണിയിച്ച കോണ്‍ക്രീറ്റ് മണ്ഡപത്തില്‍ പൂജയും നടന്നു. പൂജ നടത്തിയ കര്‍മികള്‍ക്ക് ദക്ഷിണയും ഈ കൂട്ടായ്മ തന്നെനല്‍കുന്നുണ്ടെങ്കിലും വാഹന ഉടമകളും ദക്ഷിണയായി വേറെയും നല്‍കി കര്‍മികളെ സന്തോഷിപ്പിച്ചു.

ചടങ്ങിന് ശേഷം എല്ലാവര്‍ക്കും പ്രസാദപ്പൊതിയും മധുരപലഹാരവും മധുരപാനീയവും മിനി ടെമ്പോ ഡ്രൈവര്‍ന്മാര്‍ വിതരണം ചെയ്തു. പത്ത് വര്‍ഷത്തിലേറെയായി ചുമട്ടുതൊഴിലാളികളുടെ സഹകരണത്തോടെ ഇവര്‍ വാഹന പൂജയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഇതിനായി പ്രത്യേക ഫണ്ടും ഇവര്‍ക്കുണ്ട്.

തുടക്കം :
പാലക്കുന്ന് ഭരണി ഉത്സവനാളുകളില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയ മിനി ടെമ്പോ ഡ്രൈവര്‍ന്മാര്‍ 20 വര്‍ഷം മുന്‍പ് ആരംഭിച്ച മോരും വെള്ള വിതരണം ചില മാറ്റങ്ങളോടെ ഇന്നും തുടരുന്നുണ്ട്. പിന്നീട് ക്ഷേത്ര ഗോപുരത്തിന് എതിര്‍വശത്ത് പാലക്കുന്ന് ജങ്ഷനില്‍ പാതയോരത്ത് ‘പാലക്കുന്ന് ഭഗവതി ക്ഷേത്ര കുടിവെള്ള വിതരണ സ്ഥലം’ എന്ന് പേരിട്ട് ഇരിപ്പിട സൗകര്യത്തോടെ വശങ്ങള്‍ തുറന്നിട്ട കോണ്‍ക്രീറ്റ് മണ്ഡപവും ഇവര്‍ നിര്‍മിച്ചു. അതാണ് ഇവരുടെ ഓഫീസും വിശ്രമകേന്ദ്രവും.

Leave a Reply

Your email address will not be published. Required fields are marked *