മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

താനൂര്‍: മന്ത്രവാദത്തിന്റെയും കോഴിക്കച്ചവടത്തിന്റെയും പേരില്‍ 130 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വേങ്ങര പറമ്ബില്‍പീടിക മങ്ങാടന്‍ അബ്ദുല്‍ മന്‍സൂറാണ് (42) അറസ്റ്റിലായത്. അന്‍പതുകാരിയായ താനൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും രോഗശമനത്തിനായാണ് ഇവര്‍ മന്ത്രവാദിയായ അബ്ദുള്‍ മന്‍സൂറിനെ സമീപിക്കുന്നത്. ഇവരുടെ മകളുടെ കൈയില്‍നിന്ന് മന്ത്രവാദ ചികിത്സയ്‌ക്കെന്നും കോഴിക്കച്ചവടത്തില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് 75 പവനും 15 ലക്ഷം രൂപയും കൈവശപ്പെടുത്തി.

അതേസമയം, ഇവരുടെ മരുമകളും ഇയാളുടെ കെണിയലകപ്പെട്ടു. അവരുടെ കൈയില്‍നിന്ന് 25 പവന്‍ സ്വര്‍ണമാണ് അബ്ദുല്‍ മന്‍സൂര്‍ തട്ടിയത്. ഇതിനിടെ പരാതിക്കാരിയില്‍നിന്ന് 30 പവന്‍ സ്വര്‍ണംകൂടി കൈക്കലാക്കിയിരുന്നു. അബ്ദുല്‍ മന്‍സൂറിന്റെ മകനും ഇതിനിടെ പിതാവിനൊപ്പം തട്ടിപ്പില്‍ പങ്കാളിയായി. പിന്നീട് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. സി.ഐ. ജീവന്‍ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത്, ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷ, അനീഷ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *