ഭജനാലാപനം ആത്മീയസുഖദായകം : എടനീര്‍ മഠാധിപതി

പാലക്കുന്ന് : ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭജനാലാപനങ്ങള്‍ ഭക്ത മനസുകളില്‍ ആത്മീയസുഖദായാകമായ അനുഭൂതി പകരുന്നത് എല്ലാം മറന്ന് അത് ആസ്വദിക്കുമ്പോഴാണെന്ന് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിജി അഭിപ്രായപ്പെട്ടു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ കാലതാമസവും ദൈവീകമായ ഓരോ നിമിത്തങ്ങളാണെന്ന് , ഈ സുവര്‍ണ ജൂബിലി 5 വര്‍ഷം വൈകാനുള്ള കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ആഘോഷ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി. എച്ച്. നാരായണന്‍ അധ്യക്ഷനായി.
ക്ഷേത്ര മാതൃസമിതിയുടെ 10008 ഫല-ഔഷധ സസ്യ തൈകളുടെ ഹരിത യജ്ഞം പദ്ധതി , ക്ഷേത്ര പൂജാരിക്ക് രക്ത ചന്ദന തൈ കൈമാറി മഠാധിപതി തുടക്കം കുറിച്ചു.
ഫോക് ലോര്‍ അവാര്‍ഡും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ കലാരത്‌ന പുരസ്‌ക്കാരവും നേടിയ അരവത്ത് പി. നാരായണനെ ആദരിച്ചു. ആയുര്‍വേദത്തിലും അലോപ്പതിയിലും ബിരുദം നേടിയ കരിപ്പോടി കളത്തില്‍ ഹൗസില്‍ ഡോ. ശ്യാം പ്രസാദിനെ അനുമോദിച്ചു.
ഉച്ചില്ലത്ത് കെ. യു. പദ്മനാഭ തന്ത്രി അനുഗ്രഹ ഭാഷണം നടത്തി . സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, ക്ഷേത്രം കോയ്മ കുമാരന്‍ നായര്‍, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, വൈസ് പ്രസിഡന്റ് ടി. രാമന്‍, ജനറല്‍ സെക്രട്ടറി പി. പി. ചന്ദ്രശേഖരന്‍, സെക്രട്ടറി അച്യുതന്‍ ആടിയത്ത്, കെ. അപ്പകുഞ്ഞി വൈദ്യര്‍, ഗംഗാധരന്‍ പള്ളം, എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ച രാവിലെ ക്ഷേത്ര സംഘത്തിന്റെ ലളിതാസഹസ്രനാമ പാരായണത്തിന് ശേഷം വിവിധ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഭജന സമിതികള്‍ രണ്ടു മണിക്കൂര്‍ വീതം ഉദയം മുതല്‍ അസ്തമയം വരെ തിരുനടയില്‍ ഭജന നടത്തി. വൈകീട്ട് മേലേ ക്ഷേത്രത്തിലെത്തിയ വിശിഷ്ടാതിഥികളെ പൂര്‍ണ കുംഭത്തോടെയാണ് ഭണ്ഡാര വീട്ടിലേക്ക് ഘോഷയാത്രയായി ആനയിച്ചത്.
തിങ്കളാഴ്ച്ച രാവിലെ ഹരിത യജ്ഞം പദ്ധതിയുടെ ഭാഗമായി ഭണ്ഡാരവീട് പറമ്പില്‍ സുനീഷ് പൂജാരിയും കുഞ്ഞിക്കണ്ണന്‍ ആയത്താരും ചേര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ ചെടികള്‍ നട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴകത്തിലെ മുഴുവന്‍ വീടുകളിലും 32 പ്രാദേശിക മാതൃസമിതികളുടെ നേതൃത്വത്തില്‍ തൈകള്‍ വിതരണം ചെയ്യുമെന്നും തൈകളുടെ പരിപാലനം ഉറപ്പുവരുത്താന്‍ സ്‌കോഡുകളും ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *