ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പില്‍ കെ.എസ് ചിത്രയും, എം.ജി.ശ്രീകുമാറും, ശിവമണിയും സംഗീത വിരുന്നൊരുക്കും; എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘാടക സമിതി നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു

വിഖ്യാത പിന്നണിഗായകരായ കെ.എസ്.ചിത്രയും എ.ജി.ശ്രീകുമാറും വാദ്യ താള മാന്ത്രികന്‍ ശിവമണിയും ഉള്‍പ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകള്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പില്‍ വിവിധ ദിവസങ്ങളില്‍ സംഗീതവിരുന്നൊരുക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന സംഘാടക സമിതി നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിലെ പ്രധാന സാംസ്‌കാരിക പരിപാടികള്‍ വിശദീകരിച്ചു. ദീപാലങ്കാരം, കരിമരുന്ന് പ്രയോഗം എന്നിവ ഉത്സവത്തിന് മാറ്റു കൂട്ടും. അലങ്കരിച്ച കവാടം ഒരുക്കും. വിപുലമായ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

ചിത്താരി മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെ ദീപാലങ്കാരം വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഒരുക്കും. ടിക്കറ്റ് വില്പനയിലൂടെ ബേക്കല്‍ ഫെസ്റ്റിന് ആവശ്യമായ ധനസമാഹരണം നടത്തും. യോഗത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, ഡി.വൈ. എസ്.പി സി.കെ.സുനില്‍കുമാര്‍, ഹക്കീം കുന്നില്‍, എ.വി.പ്രഭാകരന്‍, സുകുമാരന്‍ പൂച്ചക്കാട്, കെ.ഇ.എ.ബക്കര്‍, എം.എ.ലത്തീഫ്, കെ.രവി വര്‍മ്മന്‍, മൗവ്വല്‍ കുഞ്ഞബ്ദുല്ല, ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിപിന്‍, ടി.സുധാകരന്‍, മുഹമ്മദ്കുഞ്ഞി, മാധവ ബേക്കല്‍, ശിവദാസന്‍, അബ്ബാസ് മഠത്തില്‍, എ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *