അഞ്ച് പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി പ്രവൃത്തി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍ – പെരിയ പഞ്ചായത്തുകള്‍ക്കും ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വില്ലേജിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി യാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പെര്‍ളടുക്കം ടൗണില്‍ അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ക്കും ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വില്ലേജിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലജീവന്‍ മിഷന്‍ വളരെ കാര്യക്ഷമമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജലസമ്പത്ത് യഥേഷ്ടമുള്ള കേരളവും ഭാവിയില്‍ കുടിവെള്ള ക്ഷാമം നേരിടുമെന്നാണ് ചില കണക്കുകള്‍ പറയുന്നത്. ഭൂഗര്‍ഭജല നിരക്ക് കുറയുന്നു, സമുദ്രജല നിരക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കാസര്‍കോട് ജില്ലയ്ക്ക് കുടിവെള്ളം വിഷയത്തില്‍ പ്രത്യേക പരിഗണനയാണ് നല്‍കികൊണ്ടിരിക്കുന്നത്. 268 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് – മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവന്‍,കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം എ. ഗോപാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ എം. അനന്തന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ടി. കൃഷ്ണന്‍, ജോസഫ് മൈക്കിള്‍, സന്തോഷ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖലാ ചീഫ് എഞ്ചിനീയര്‍ ടി.ബി. ബിന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *