പാലക്കുന്ന് : കാര്‍ഷിക സമൃദ്ധിയുടെ ഗതകാലസ്മരണകളുണര്‍ത്തി ക്ഷേത്രങ്ങളിലും തറവാടുകളിലും ഉത്രാടം നാളില്‍ ‘നിറകെട്ടല്‍’ നടന്നു. ആദ്യം കൊയ്‌തെടുത്ത നെല്‍ക്കതിരുകളാണ് പ്രധാനമായും നിറകെട്ടലിന് പ്രധാനം. ഇതോടു ചേര്‍ന്ന് അത്തി, ഇത്തി, ആല്‍, അരയാല്‍, പ്ലാവ്, മുള, തുളസി എന്നിവയുടെ ഇലകളും പൊലിവള്ളിയും ചേര്‍ത്ത് വാഴയിലയില്‍ ചുരുട്ടി പാന്തം (തെങ്ങിന്‍ മടലിന്റെ പുറംതോല്) കൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ് നിറ. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് പള്ളിയറയ്ക്ക് മുന്നില്‍ കലശാട്ട് കര്‍മങ്ങള്‍ക്ക് ശേഷം ആചാര സ്ഥാനികര്‍ ഇവ ഓരോന്നും പ്രധാന ഇടങ്ങളില്‍ നിറകെട്ടി. ഇവ അടുത്ത വര്‍ഷം നിറവരെ സ്വസ്ഥാനത്ത് ഉണ്ടായിരിക്കും.