പാലക്കുന്ന് : മാസങ്ങളായി പാഴായിപോകുന്ന ജല അതോറിട്ടിയുടെ ബിആര്‍ഡിസി കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി. സംസ്ഥാന പാതയോരത്ത് മാസങ്ങളായി പാലക്കുന്ന് ടൗണിലും 10 ദിവസത്തിലേറെയായി കോട്ടിക്കുളം ജുമാഅത്ത് പള്ളിയിലേക്കുള്ള വളവിലും, ഉദുമ തെക്കേക്കര പുതിയപുര തറവാടിന് സമീപത്തും ജലവാഹിനി പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴായിപ്പോയിരുന്നു.
പത്രവാര്‍ത്ത വന്ന അടുത്ത പ്രവൃത്തി ദിവസം തന്നെ കാഞ്ഞങ്ങാട് ജല അതോറിട്ടി ഓഫീസില്‍ നിന്ന് ജീവനക്കാരെത്തി കേടുപാടുകള്‍ തീര്‍ത്ത് ജോലി അവസാനിപ്പിച്ച് മടങ്ങി. അടുത്ത ദിവസം ജലവിതരണം പുനഃസ്ഥാപിച്ചപ്പോള്‍ പാലക്കുന്നില്‍ അതേ സ്ഥലത്ത് വീണ്ടും ചോര്‍ച്ചയുണ്ടായി. വെള്ളിയാഴ്ച്ച ജോലിക്കാര്‍ തിരിച്ചെത്തി വീണ്ടും കുഴിയെടുത്ത് ചോര്‍ച്ച കണ്ടെത്തി പരിഹരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നിശ്ചിത സമയത്ത് ജലവിതരണം പുനരാരംഭിച്ചപ്പോള്‍ പതിവ് വേഗത്തില്‍ വെള്ളം ലഭിച്ച സന്തോഷത്തിലാണ് ഇതിനെ മാത്രം ആശ്രയിക്കുന്ന ഇവിടങ്ങളിലെ വീട്ടുകാര്‍.