കാസര്‍കോടിനെ രാത്രിയിലും സജീവമാക്കാന്‍ ബസ് സമയക്രമം പരിഷ്‌ക്കരിക്കണം; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട് പട്ടണ ത്തെ രാത്രിയിലും സജീവമാക്കാന്‍ ബസ് സമയക്രമം പരിഷ്‌ക്കരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സ്വകാര്യ സ്റ്റേജ് കാര്യേജ് സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റൂട്ട് പ്രൊപ്പോസല്‍ ആലോചനാ യോഗത്തിന്റെ കാസര്‍കോട് മണ്ഡലം തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈകീട്ട് ഏഴുമണിയോടെ കടകളെല്ലാം അടക്കുന്ന പട്ടണത്തെ മറ്റു നഗരങ്ങള്‍ പോലെ ഉണര്‍ത്തുന്നതിന് ബസ് സമയക്രമം പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് എം എല്‍ എ പറഞ്ഞു.കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ചയില്‍ നിന്ന് ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ സ്‌കൂളിനെ പഠനത്തിന് ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണമെന്നും ബസ്സുകള്‍ ചെര്‍ക്കള ബസ്സ്സ്റ്റാന്റില്‍ കയറാത്ത വിഷയവും ചര്‍ച്ച ചെയ്യണമെന്നും എം.എല്‍.എ പറഞ്ഞു. കെ.എസ് ആര്‍.ടിസി ഓട്ടം നിര്‍ത്തിയ റൂട്ടുകളും കെ.എസ്.ആര്‍ടി.സി, സ്വകാര്യ ബസുകള്‍ തീരെയില്ലാത്ത റൂട്ടുകളും വിശദമായി ചര്‍ച്ച ചെയ്യണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഗ്രാമപഞ്ചായത്തുകള്‍ ഗ്രാമവണ്ടി സര്‍വ്വീസുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രവികുമാര്‍, കെ.എസ്.ആര്‍.ടി.സി എ.ടി.ഒ കെ. പ്രിയേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ സ്വാഗതവും ആര്‍.ടി.ഒ സീനിയര്‍ സൂപ്രണ്ട് കെ. വിനോദ് കുമാര്‍ നന്ദിയും പഞ്ഞു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ ബസ് ഓണേഴ്സ് സംഘടനാ പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി ഗിരീഷ്, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍,തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ റൂട്ടുകള്‍ സംബന്ധിച്ചും ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ജനപ്രതിനിധികളില്‍ നിന്നും സംഘടനാ പ്രതിനിധികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *