റേഷന്‍ വാങ്ങാന്‍ ഇനി ‘ഇ-റുപ്പി’: ഗുജറാത്തില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം

ഡല്‍ഹി: റേഷന്‍ വിതരണ രംഗം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി (CBDC) ഉപയോഗിച്ചുള്ള റേഷന്‍ വിതരണത്തിന് ഗുജറാത്തില്‍ തുടക്കമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത പൈലറ്റ് പദ്ധതി അഹമ്മദാബാദ്, സൂറത്ത് ഉള്‍പ്പെടെയുള്ള നാല് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം തന്നെ അതിവേഗം ധാന്യങ്ങള്‍ നല്‍കുന്ന ‘ധാന്യ എടിഎം’ (Grain ATM) പദ്ധതിക്കും തുടക്കം കുറിച്ചു.

ഡിജിറ്റല്‍ ടോക്കണ്‍ രീതിയില്‍ റേഷന്‍ സബ്സിഡി തുക ഉപയോക്താക്കളുടെ ഫോണിലെ ഇ-റുപ്പി വാലറ്റിലേക്ക് ഡിജിറ്റല്‍ ടോക്കണുകളായി എത്തും. റേഷന്‍ കടയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈ ടോക്കണുകള്‍ കൈമാറുന്നതോടെ സാധനങ്ങള്‍ ലഭിക്കും. റേഷന്‍ വാങ്ങാന്‍ മാത്രമേ ഈ ടോക്കണുകള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ സബ്സിഡി തുക മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റാന്‍ കഴിയില്ല. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്ക് ആധാര്‍ അധിഷ്ഠിത ഒടിപി വഴി സാധാരണ ഫോണിലൂടെയും ഈ സേവനം പ്രയോജനപ്പെടുത്താം.

എന്താണ് ഇ-റുപ്പി (CBDC)?

സാധാരണ യുപിഐ (UPI) ഇടപാടുകളില്‍ പണം ബാങ്കുകള്‍ വഴിയാണ് കൈമാറുന്നതെങ്കില്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയില്‍ (CBDC) ഇടപാടുകള്‍ നേരിട്ട് ആര്‍ബിഐയുടെ വാലറ്റുകള്‍ തമ്മിലാണ് നടക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഒപ്പിട്ടു നല്‍കുന്ന പേപ്പര്‍ കറന്‍സിക്ക് തുല്യമായ ഡിജിറ്റല്‍ മൂല്യം ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *