ലോകമെമ്പാടും രണ്ട് ബില്ല്യണിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ്, തങ്ങളുടെ വെബ് പതിപ്പില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ഇനി മുതല്‍ കമ്പ്യൂട്ടറിലെ ബ്രൗസറില്‍ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കും. മുന്‍പ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം ബ്രൗസറുകളിലും ലഭ്യമാകുന്നതോടെ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ആശയവിനിമയം കൂടുതല്‍ എളുപ്പമാകും.
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയോടെയാണ് ഈ പുതിയ അപ്ഡേറ്റ് ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ ബ്രൗസറുകളില്‍ എത്തുന്നത്. ഘട്ടം ഘട്ടമായി ഉപയോക്താക്കളിലേക്ക് എത്തുന്ന ഈ ഫീച്ചര്‍, ഫോണ്‍ അടുത്തുണ്ടാകണം എന്ന നിബന്ധനയില്ലാതെ തന്നെ ലാപ്‌ടോപ്പിലൂടെയോ പിസിയിലൂടെയോ കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും സഹായിക്കും. കോളുകള്‍ വിളിക്കുമ്പോള്‍ സിസ്റ്റത്തിലെ മൈക്രോഫോണും ക്യാമറയും ഉപയോഗിക്കാനുള്ള അനുമതി നല്‍കിയാല്‍ മാത്രം മതിയാകും.
എന്നാല്‍ ലോകമെമ്പാടും ഈ സൗകര്യം ലഭ്യമാകുമ്പോഴും യുഎഇയിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് വഴിയുള്ള വോയ്സ് കോളുകള്‍ക്ക് ലൈസന്‍സുള്ള സേവന ദാതാക്കള്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്ന യുഎഇയിലെ ടി.ഡി.ആര്‍.എ നിയമമാണ് ഇതിന് തടസ്സം. അതിനാല്‍ യുഎഇയിലുള്ളവര്‍ക്ക് നാട്ടിലുള്ളവരുമായി സംസാരിക്കാന്‍ ബോട്ടിം, ഗോചാറ്റ് തുടങ്ങിയ അംഗീകൃത ആപ്പുകളെത്തന്നെ തുടര്‍ന്നും ആശ്രയിക്കേണ്ടി വരും.