ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. വി സരസ്വതി നിര്‍വഹിച്ചു. ഈ- സഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. സച്ചിന്‍ സെല്‍വിന്‍ അധ്യക്ഷത വഹിച്ചു. എച്ച്.ഡബ്ല്യു.സി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ധന്യ ദയാനന്ദ്, എം.സി.എച്ച് ഓഫീസര്‍ എം.ശോഭന എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ എന്‍.പി പ്രശാന്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ദീപാ മാധവന്‍ എം.എല്‍.എസ്.പി ജീവനക്കാര്‍ക്കായി ബോധവത്കരണ സെമിനാര്‍ നടത്തി.’അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി ഗര്‍ഭധാരണത്തിന്റെ സമയവും ഇടവേളയും ഉചിതമായി ക്രമീകരിക്കേണ്ടതാണ് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം) സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ 20 വരെ പ്രിപ്പറേറ്ററി ഘട്ടവും ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ കമ്മ്യൂണിറ്റി മൊബിലൈസേഷന്‍ ഫോര്‍ട്ട് നൈറ്റും ജൂലൈ 11 മുതല്‍ 24 വരെ സര്‍വീസ് പ്രൊവിഷനിങ് ഫോര്‍ട്ട്നൈറ്റു മായാണ് നടത്തുന്നത് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു.
കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കുന്നു. എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്‍കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, പി.എച്ച്.സികള്‍, എഫ്.എച്ച്.സികള്‍, സി.എച്ച്.സികള്‍, മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ട്ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്. ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ്‌കാല്‍പല്‍ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.