വിദ്യാര്‍ത്ഥികളെ നിയമ ബോധമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ പരിശ്രമിക്കണം: ജില്ലാ പോലീസ് മേധാവി

വിദ്യാര്‍ത്ഥികള്‍ നിയമ ബോധമുള്ളവരായി വളരണമെന്നും നിയമപരിജ്ഞാനം ആപത്ക്കരമായ കൂട്ടുകെട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി ബിജോയ് പറഞ്ഞു. ഇക്കാര്യത്തില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എസ് പി സി അദ്ധ്യാപകര്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വന്ന പുതിയ നിയമങ്ങളെക്കുറിച്ച് ജില്ലയിലെ എസ്.പി.സി അദ്ധ്യാപകര്‍ക്കായി നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ചടങ്ങില്‍. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ സി.ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്ററായി പ്രമോഷന്‍ ലഭിച്ച കുണ്ടംകുഴി ജി.എച്ച്.എസ്.എസിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.അശോകന്‍ , ജില്ലയിലെ മികച്ച ചൈല്‍ഡ് ഫ്രന്റ്‌ലി പോലീസ് ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ എം ഷൈലജ എന്നിവരെ ആദരിച്ചു. ജില്ലാ പോലീസ് ലീഗല്‍ സെല്‍ എ.എസ് ഐ.വിനയകുമാര്‍ ക്ലാസ്സെടുത്തു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.തമ്പാന്‍ സ്വാഗതവും പ്രോജക്ട് അസിസ്റ്റന്റ് കെ.അനൂപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *