കാസര്‍കോട് സാരീസ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന ഓണര്‍ഷിപ്പ് കാര്‍ഡ് ജില്ലാ കളക്ടര്‍ ചേമ്പറില്‍ പ്രകാശനം ചെയ്തു. കാസര്‍കോട് സാരീസ് വിപണനം വിപുലമാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണിത്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, കാസര്‍കോട്് സാരീസ് സ്പെഷ്യല്‍ ഓഫീസര്‍ ആദില്‍ മുഹമ്മദ്, കാസര്‍കോട് വിവേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള, സെക്രട്ടറി ബി.എന്‍ അനിത, ഡയറക്ടര്‍മാരായ ദാമോദര, രാമചന്ദ്ര, ഗംഗമ്മ, ലിജതോമസ്, മമത തുടങ്ങിയവര്‍ പങ്കെടുത്തു.ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യന്‍ കൈത്തറി ബ്രാന്‍ഡായ കാസര്‍കോടിന്റെ സ്വന്തം ഉല്‍പന്നം, കാസര്‍കോട് സാരിയുടെ വിപണി കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ജില്ലയില്‍ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം തയ്യാറാക്കുന്ന നൂതന പദ്ധതിയുടെ ഭാഗമാണിത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.1938 ല്‍ സ്ഥാപിച്ച സൊസൈറ്റിയാണിത്. 600 തൊഴിലാളികള്‍ വരെ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിലവില്‍ 25 സ്ത്രീകളും പത്ത് പുരുഷന്മാരും ഉള്‍പ്പടെ 35 വിദഗ്ധതൊഴിലാളികള്‍ ആണ് തൊഴില്‍ ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ മാത്രം നെയ്ത്തുകാര്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത കോട്ടണ്‍ സാരിയാണ് കാസര്‍കോട് സാരി. അവ കൈകൊണ്ട് നിര്‍മ്മിക്കുന്ന പ്രത്യേക മോടിയുള്ളതാണ്. പരമ്പരാഗത കേരള സാരിയില്‍ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു. കേരളത്തില്‍ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളില്‍ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ.സാധാരണയായി ചായം പൂശിയ കോട്ടണ്‍ നൂലുകള്‍ ഉപയോഗിച്ച് പ്ലെയിന്‍ അല്ലെങ്കില്‍ വരയുള്ള സാരികളാണ് നെയ്തെടുക്കുന്നത്. ജാക്കാര്‍ഡ് അല്ലെങ്കില്‍ ഡോബി ടെക്നിക്കുകള്‍ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ച ബോര്‍ഡറുകള്‍ വളരെ ആകര്‍ഷകമാണ്. ഈ സാരികള്‍ 60 മുതല്‍ 100 വരെയുള്ള ഉയര്‍ന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിത്യോപയോഗത്തിനും ഉടുക്കുന്നതിനും അനുയോജ്യമായതിനാല്‍ ഈ സാരികള്‍ക്ക് സ്ഥിരമായ ആവശ്യക്കാര്‍ ഏറെയുണ്ട്.ഭൗമ സൂചിക പദവി (രജിസ്റ്റേഡ് ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പ്രൊഡക്ട് ) 2009ല്‍ കാസര്‍കോട് സാരികള്‍ക്ക് ഭൗമസൂചിക ഉത്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സര്‍ക്കാര്‍ അപേക്ഷിച്ചു. 2010 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉല്‍പന്നമായി അംഗീകരിച്ചു. നിലവില്‍ ഇന്ത്യന്‍ ഹാന്‍ഡ്ലും ബ്രാന്‍ഡും കേരള ഹാന്‍ഡ്ലും ബ്രാന്‍ഡ് മുദ്രകളുള്ള ഉല്‍പന്നമാണ് കാസര്‍കോട് സാരീസ്.