ഐബിഎസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ നിയമിതനായി

തിരുവനന്തപുരം: ആഗോള ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര ഡിജിറ്റല്‍ ടെക്‌നോളജി സേവന ദാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സോമിത് ഗോയല്‍ ചുമതലയേറ്റു. 2018 മുതല്‍ സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന ആനന്ദ് കൃഷ്ണന്റെ പിന്‍ഗാമിയായാണ് സോമിത് പദവിയിലെത്തുന്നത്.

ഐബിഎസ് സോഫ്റ്റ് വെയര്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിന് സോമിത് റിപ്പോര്‍ട്ട് ചെയ്യും.

മൈക്രോസോഫ്റ്റ്, എസ്എപി, ഒറാക്കിള്‍, എഒഎല്‍ തുടങ്ങിയ പ്രമുഖ കമ്പനികളില്‍ സുപ്രധാന പദവികള്‍ വഹിച്ച സോമിത് എന്റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ മേഖലയില്‍ ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ന്യൂഡല്‍ഹി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഫ്രാന്‍സിലെ ഐഎന്‍എസ്ഇഎഡി യില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

മൈക്രോസോഫ്റ്റിലെ 11 വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സോമിത്, സ്ട്രാറ്റജി, ഓപ്പറേഷന്‍സ്, സെയില്‍സ്, കസ്റ്റമര്‍ സക്‌സസ് എന്നിവയില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ മോഡേണ്‍ വര്‍ക്ക് ക്ലൗഡ് ബിസിനസിലെ ആഗോളതല സെയില്‍സിന്റെ ചുമതല വഹിച്ച അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള പൊതുമേഖലാ ബിസിനസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റില്‍ സോമിത് നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ പരിചയ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകരും.

അടുത്തകാലത്ത് സോമിത് ഡിജിറ്റല്‍ ടെക്‌നോളജി കമ്പനിയായ പ്ലൂറല്‍സൈറ്റിന്റെ പ്രസിഡന്റും സിഒഒ യുമായി സേവനമനുഷ്ഠിച്ചിരുന്നു. അവിടെ എഞ്ചിനീയറിംഗ്, ജിടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

ആഗോള തലത്തില്‍ ഡിജിറ്റല്‍ ടെക്‌നോളജി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിവിധങ്ങളായ സംഘങ്ങളെ നയിക്കുന്നതിലും സോഫ്റ്റ് വെയര്‍ മേഖലയിലെ സമഗ്ര വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നതിനും സോമിത്തിനുള്ള അനുഭവ സമ്പത്ത് ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമാകുമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പ്രാപ്തമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ സോമിത്തിന് കഴിയുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ വ്യവസായ രംഗത്ത് ലോകത്തിലെ തന്നെ മുന്‍നിര ഉത്പന്നങ്ങളും വമ്പന്‍ ഉപഭോക്താക്കളുമുള്ള ഐബിഎസ് സോഫ്റ്റ് വെയറിന്റെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം ചേരാനും അടുത്ത ഘട്ടത്തിലേക്ക് ഐബിഎസിനെ നയിക്കാനും കഴിയുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് സിഇഒ ആയി സ്ഥാനമേറ്റെടുത്ത സോമിത് ഗോയല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *