കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂണ്‍ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സസ്ഥാന മലിനീകരണ നിയന്ത്രണ പുരസ്‌കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ഓണ്‍ലൈന്‍ വെഹിക്കിള്‍ ട്രാക്കിങ് വെബ് പോര്‍ട്ടല്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ബോര്‍ഡിന്റെ വാര്‍ത്താപത്രികയായ പരിസ്ഥിതി വാര്‍ത്തയുടെ പരിസ്ഥിതിദിനപ്പതിപ്പിന്റെ പ്രകാശനം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിക്കും. ബോര്‍ഡിന്റെ ഇന്റഗ്രേറ്റഡ് വെബ് പോര്‍ട്ടല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്യും. എം.എല്‍.എ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, എം. വിന്‍സന്റ് എന്നിവര്‍ പങ്കെടുക്കും.
ബോര്‍ഡ് തയ്യാറാക്കിയ ജല-വായു ഗുണനിലാവര ഡയറക്ടറിയുടെ പ്രകാശനം തദ്ദേശ സ്വയംഭരണം, ആസൂത്രണം, സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ ജി.മുരളീധരന്‍ നിര്‍വഹിക്കും. ലഘുപത്രികാപ്രകാശനം പരിസ്ഥിതി വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍.യു.കേല്‍ക്കര്‍ നിര്‍വഹിക്കും.ജലവായു മലിനീകരണ നിയന്ത്രണത്തില്‍ കഴിഞ്ഞവര്‍ഷം കൈവരിച്ച നേട്ടങ്ങള്‍ ഊര്‍ജ്ജ സംരംക്ഷണത്തിനും ജന സംരംക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍, സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മലിനീകരണ നിയന്ത്രണ അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിച്ച വിഷയങ്ങള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒന്നാം സ്ഥാനം നേടി. മുന്‍സിപ്പാലിറ്റി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആന്തൂര്‍ മുനിസിപ്പാലിറ്റി,കണ്ണൂര്‍, രണ്ടാം സ്ഥാനം പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി, മലപ്പുറം, മൂന്നാം സ്ഥാനം മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ എന്നിങ്ങനെയും നേടി.