തിരുവനന്തപുരം: കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത സംരംഭമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് കേരളത്തിലെ എനര്‍ജി മാനേജ്‌മെന്റ് സെന്ററു (ഇ എം സി) മായി സുപ്രധാന കരാറില്‍ ഒപ്പുവച്ചു. ഊര്‍ജ്ജ കാര്യക്ഷമത ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വിവിധ ഊര്‍ജ്ജ കാര്യക്ഷമത സാങ്കേതിക വിദ്യകള്‍ ഇ റീട്ടെയില്‍ പാര്‍ട്ട്ണര്‍ മുഖേന പ്രദര്‍ശിപ്പിച്ച് കാര്യക്ഷമമായ ഉപകരണങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു ഇഇഎസ്എല്‍ റീട്ടെയില്‍ സെയില്‍സ് ഹെഡ് ആദേശ് സക്സേനയുടെയും ഇഎംസി ഡയറക്ടര്‍ ഹരികുമാര്‍ രാമദാസിന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.എല്‍ഇഡി ബള്‍ബുകള്‍, ബിഇഇ 5 – സ്റ്റാര്‍ റേറ്റുചെയ്ത ബിഎല്‍ഡിസി ഫാനുകള്‍, എല്‍ഇഡി ട്യൂബ് ലൈറ്റുകള്‍, എമര്‍ജന്‍സി റീചാര്‍ജ് ചെയ്യാവുന്ന ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍, സൂപ്പര്‍ എഫിഷ്യന്‍സിയുള്ള എയര്‍ കണ്ടീഷണറുകള്‍, ഇന്‍ഡക്ഷന്‍ കുക്ക് സ്റ്റൗ എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇഇഎസ്എല്‍ മാര്‍ട്ടില്‍ നിന്ന് നേരിട്ട് ഡിസ്‌കോം വെബ്‌സൈറ്റ് വഴി വാങ്ങാം. നാഷണല്‍ മിഷന്‍ ഫോര്‍ എന്‍ഹാന്‍സ്ഡ് എനര്‍ജി എഫിഷ്യന്‍സി(എന്‍എംഇഇഇ)ക്ക് കീഴിലുള്ള മാര്‍ക്കറ്റ് ട്രാന്‍സ്ഫോര്‍മേഷന്‍ ഫോര്‍ എനര്‍ജി എഫിഷ്യന്‍സി (എംടിഇഇ) സംരംഭത്തെ പിന്തുണക്കുന്നതിനാണ് ഇഎംസി കേരളയുമായുള്ള കരാറിന്റെ രൂപകല്‍പന. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കര്‍മ്മ പദ്ധതിയുടെ ഭാഗമാണ് ഈ ദൗത്യം. ഊര്‍ജ്ജ കാര്യക്ഷമതയിലേക്ക് സാര്‍വത്രിക പ്രവേശനം കൈവരിക്കുന്നതിനു സുപ്രധാന ചുവടുകള്‍ ഈ സഹകരണം മുന്നോട്ടുവയ്ക്കുന്നു. സുസ്ഥിര ഊര്‍ജ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും മേഖലകളിലുടനീളം ഊര്‍ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്താന്‍ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.