മര്‍ച്ചന്റ് നേവിയില്‍ ജോലി :ഏജന്‍സികളിലൂടെ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നു; കരുതല്‍ നിര്‍ദേശവുമായി മുംബൈ ഡി.ജി.യുടെ സര്‍ക്കുലര്‍

പാലക്കുന്ന് (കാസര്‍കോട് ) : മര്‍ച്ചന്റ് നേവിയില്‍ ജോലി തേടിപ്പോകുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള ഒട്ടേറെ നിര്‍ദ്ദേശളുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി. ഷിപ്പിങ്) ജീവനക്കാരുടെ അറിവിലേക്കായി പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ആദ്യമായാണ് ഡി.ജി ഓഫീസില്‍ നിന്ന് ഈവിധം ഒരു പൊതു സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്. ഏജന്‍സികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ജോലി തേടി വഞ്ചിക്കപ്പെട്ടവര്‍, അവരുടെ കുടുംബാംഗങ്ങള്‍,കപ്പലോട്ട തൊഴിലാളി സംഘടനകള്‍ എന്നിവരുടെ പരാതികളുടെയും ഐ.ടി.എഫ്. ന്റെ (ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍) റിപ്പോര്‍ട്ടിന്റെയും വെളിച്ചത്തിലാണ് ഉപദേശ രൂപത്തില്‍ അനുബന്ധ കൂട്ടിചേര്‍ക്കല്‍ അടക്കം 36 പേജുള്ള അസാധാരണമായ സര്‍ക്കുലര്‍ ഡി. ജി. ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ചത്. വാണിജ്യ കപ്പലുകളില്‍ ജി.പി. റേറ്റിംഗ്, സലൂണ്‍ റേറ്റിംഗ്, ഡെക്ക്, എഞ്ചിന്‍ ഓഫീസര്‍ന്മാര്‍, എലക്ട്രിഷ്യന്‍ വിഭാഗങ്ങളില്‍ ജോലി നേടാനുള്ള അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെയും കപ്പലുകളില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകൃത ഏജന്‍സികളുടെയും പേരുവിവര പട്ടിക സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്. നിര്‍ദിഷ്ട പരിശീലനത്തിന് ശേഷം കപ്പലില്‍ ജോലി നേടാനുള്ള ആധികാരിക പ്രമാണമായ സി.ഡി.സി.യും അനുബന്ധ രേഖകളുമായി ജോലിക്കായി സമീപിക്കേണ്ടത് ഇന്ത്യന്‍ രജിസ്റ്റര്‍ഡ് ആര്‍.പി.എസ്. (റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്ലയ്‌സ്മെന്റ് ഓഫ് സീഫെയറെഴ്‌സ്) ഏജന്‍സികളെയാണ്. ആര്‍.പി.എസ്. അംഗീകാരമില്ലാത്ത ഏജന്‍സികളിലൂടെ ജോലി തേടി പോകുന്നവര്‍ പല വിധത്തില്‍ ചതിയില്‍ പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഡി.ജി.ഷിപ്പിങ് പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ചില അംഗീകൃത ആര്‍.പി.എസ്. ഏജന്‍സികളും ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതും ഡി.ജി. യുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഏറെ ഗൗരവമാണെന്നും ഇവരുടെ ചതിയില്‍ പെട്ട നിരവധി പേരുടെ മോചനത്തിനായി പലപ്പോഴായി ഇടപെടേണ്ടി വന്ന സതാംപ്ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്മ്യുണിറ്റി ഡെവലപ്പ്‌മെന്റ് മാനേജര്‍ മലയാളിയായ വി. മനോജ് ജോയ് (ചെന്നൈ) പറയുന്നു.

തട്ടിപ്പിന്റെ വഴികള്‍

ജോലി തേടി ഏജന്‍സി ഓഫീസുകളിലെത്തുന്നവര്‍ക്ക് ആര്‍.പി.എസ്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കപ്പലിന്റെ പേരില്‍ ജോലി വാഗ്ദാനം നല്‍കി കരാര്‍ പേപ്പര്‍ നല്‍കുന്നു. എല്ലാ രേഖകളും കൃത്യമായുള്ള കപ്പലായിരിക്കും അത്. ആ പ്രത്യേക കപ്പലില്‍ കയറാന്‍ എയര്‍പോര്‍ട്ട് ഇ-മൈഗ്രേറ്റ് സിസ്റ്റത്തിലെ പരിശോധന എളുപ്പം പൂര്‍ത്തിയാക്കാനാകും എന്ന പഴുത് ഉപയോഗിച്ച് വിദേശത്തേക്ക് (പലപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി ) കയറ്റിവിടും. കരാര്‍ അനുസരിച്ചുള്ള കപ്പലിലാണെന്ന ധാരണയില്‍ അവിടെ എത്തുന്നവരെ ജോലിക്ക് കയറ്റുന്നത് ബ്ലാക്ക്‌ലിസ്റ്റില്‍ പെട്ട മറ്റേതെങ്കിലും തല്ലിപ്പൊളി കപ്പലിലായിരിക്കും. നേരാം വണ്ണം ഭക്ഷണമോ വേതനമോ ലഭിക്കാതെ മാസങ്ങള്‍ പിന്നിടുമ്പോഴാണ് ലക്ഷങ്ങള്‍ നല്‍കി തട്ടിപ്പിനിരയായ കാര്യം ഇവര്‍ അറിയുന്നത്. ജോലിചെയ്യാനുള്ള സുരക്ഷ മാനദണ്ഡങ്ങളില്ലാതെ ജോലിക്കാര്‍ക്ക് വെള്ളവും ഭക്ഷണവും വേതനവും നല്‍കാനാവാത്ത അവസ്ഥയില്‍ ഉടമ തന്നെ കപ്പല്‍ കൈയ്യൊഴിയുമ്പോള്‍ അതില്‍ തുടരാനോ നാട്ടിലേക്ക് തിരിച്ചു പോകാനോ വയ്യാത്ത അവസ്ഥയില്‍ ജീവനക്കാര്‍ കഷ്ടപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് ഡി. ജി. വിലയിരുത്തുന്നത്. കപ്പലോട്ടക്കാര്‍ ഈ വിധം ചതിക്കപ്പെട്ടുപോകുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ മോചനത്തിനായി സൈലേഴ്‌സ് സൊസൈറ്റി പലപ്പോഴായി ഇടപെടേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും മലയാളികളടക്കം നിരവധിപേരെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ സഹായത്തോടെ മോചിപ്പിക്കാനും നഷ്ട പരിഹാരം വാങ്ങി കൊടുക്കാനും സാധിച്ചിട്ടുണ്ടെന്നും മനോജ് ജോയ് പറയുന്നു. ഇത്തരം കപ്പലുകളില്‍ നിന്ന് മയക്കുമരുന്നുകള്‍ പോലും പിടിക്കപ്പെടുമ്പോള്‍ പൊലിസിന്റെ പിടിയിലാകുന്നത് ഈ ജീവനക്കാര്‍ ആയിരിക്കും. അത്തരം ഒത്തിരി അനുഭവ കഥകള്‍ അദ്ദേഹത്തിന്റെ കേസ് ഡയറിയില്‍ ഉണ്ട്.

ശ്രദ്ധിക്കേണ്ടവ

അംഗീകാര്യമില്ലാത്ത മാറീടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരീശീലനം നേടരുത്, ആര്‍ പിഎസ് അംഗീകാരം ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പരിശീലനം തേടുമ്പോള്‍ ആ സ്ഥാപനത്തെ പറ്റി വിവരങ്ങള്‍ ശേഖരിക്കുക,
ജോലി ഉറപ്പ് നല്‍കാതെ അതിനായി ഭീമയായ തുക ആവശ്യപ്പെടുന്നവരുടെ കുരുക്കില്‍ പെടാതെ നോക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ആദ്യമായി കപ്പല്‍ ജോലി തേടുന്നവരാണ് ഏജന്റുമാരുടെ വലയില്‍ കുടുങ്ങുന്നവരില്‍ ഏറെയും. അവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഏജന്റ്മാരെ ഒഴിവാക്കി വെബ്‌സൈറ്റ് വഴി സര്‍ച്ച് ചെയ്ത് ഒഴിവുകള്‍ കണ്ടെത്തുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കുലറില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

ബന്ധപ്പെടാന്‍

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ട മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിവിധ ഓഫീസ് വിവരങ്ങളും നിയുക്ത ഓഫീസര്‍ന്മാരുടെ പേരുകളും ഫോണ്‍ നമ്പറുകളും ഇ മെയില്‍ ഐഡിയും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്.
സര്‍ക്കുലര്‍ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ പരിശോധനയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അറിയിച്ചു. കപ്പല്‍ ജോലി തേടുന്നവവരുടെ എണ്ണം ഈയിടെയായി വര്‍ദ്ധിച്ചു വരികയാണെന്നും രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ട് 6 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ജോലി സാധ്യത ഇല്ലാത്തതിനാലാണ് പലരും ലക്ഷങ്ങള്‍ നല്‍കി വഞ്ചിക്കപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.ഓരോ കപ്പലിലും കൂടുതല്‍ ട്രൈനികള്‍ക്ക് അവസരമൊരുക്കാന്‍ നടപടികള്‍ ഉണ്ടായാല്‍ ഈ രംഗത്തെ തട്ടിപ്പുകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.നിലവില്‍ ജോലി ചെയ്യുന്ന പരിചയസമ്പന്നരായ കപ്പലോട്ടക്കാര്‍ക്ക് അവധിയില്‍ വന്നാല്‍ അധികം കാത്തിരിപ്പ് ഇല്ലാതെ തന്നെ ജോലിയില്‍ കയറാന്‍ പറ്റുന്നുണ്ട്.
മര്‍ച്ചന്റ് നേവി ക്ലബ് : 7994020011,9447692439.

Leave a Reply

Your email address will not be published. Required fields are marked *