ഉദുമ : ഉദുമ കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ നടന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. മുന്നോടിയായി കാടാങ്കോട്ട് കുഞ്ഞികൃഷ്ണന്‍ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന പ്രശ്‌നചിന്തക്ക് ശേഷം തറവാട് അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ആര്‍. കുഞ്ഞിരാമന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കെ. രാജേന്ദ്രനാഥ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പി.വി.കുഞ്ഞിക്കോരന്‍ പണിക്കര്‍, കൃഷ്ണന്‍ പാത്തിക്കാല്‍, രാജന്‍ പെരിയ, സുധാകരന്‍ പള്ളിക്കര, ദാമോദരന്‍ ബാര എന്നിവര്‍ പ്രസംഗിച്ചു. വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ച ശേഷം തെയ്യംകെട്ട് നടത്തിപ്പിനായി 9 മാസമായി പ്രവര്‍ത്തിച്ച ആഘോഷകമ്മിറ്റിയെ പിരിച്ചു വിട്ടു.മികച്ച സംഘാടക മികവില്‍ തെയ്യംകെട്ട് ഉത്സവം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് നയിച്ച ചെയര്‍മാന്‍ ഉദയമംഗലംസുകുമാരന്‍ ജനറല്‍ കണ്‍വീനര്‍ കെ. ആര്‍. കുഞ്ഞിരാമന്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. നവമാധ്യമങ്ങളിലൂടെ തെയ്യംകെട്ട് വിശേഷങ്ങള്‍ പുറംലോകത്തെത്തിച്ച അബി ഉദുമയെയും വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍ന്മാരെയും അനുമോദിച്ചു.
തെയ്യംകെട്ടിന് ചൂട്ടൊപ്പിച്ച മോഹനന്‍ കൊക്കാലിനെ പടിഞ്ഞാറ്റയില്‍ ഇരുത്തി തറവാട് കാരണവര്‍ കുഞ്ഞിരാമന്‍ ബാരയുടെ സാനിധ്യത്തില്‍ പായസം വിളമ്പി അരിയിട്ട് അനുഗ്രഹിച്ച് ‘ചൂട്ടൊപ്പിച്ച മംഗലം’ പൂര്‍ത്തിയാക്കി. ആയിരങ്ങള്‍ക്ക് സദ്യയും വിളമ്പി.