കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ ജഡ്ജി സി. സുരേഷ് കുമാറിന് കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് യാത്രയയപ്പ് നല്‍കി. കൂടാതെ അഭിഭാഷക ക്ലര്‍ക്കായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി. എം. ജയദേവന്‍, വി. വി. ബാലന്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും ജോലിയില്‍നിന്ന് പിരിഞ്ഞുപോകുന്ന നാരായണന്‍ പൊള്ളക്കടയ്കുള്ള യാത്രയയപ്പ് ചടങ്ങും ഇതോടൊപ്പം നടന്നു. ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ അനക്‌സ് ഹാളില്‍ വച്ച് നടന്ന പരിപാടി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. സി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം മാറിപ്പോകുന്ന ജില്ലാ ജഡ്ജി സി. സുരേഷ് കുമാറിനെ അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രന്‍ നായര്‍ കാട്ടൂര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. അഭിഭാഷക ക്ലാര്‍ക്കായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ വി എം ജയദേവന്‍, വി വി ബാലന്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോകുന്ന നാരായണന്‍ പൊള്ളക്കട എന്നിവരെ ജില്ലാ ജഡ്ജി സി. സുരേഷ് കുമാര്‍ പൊന്നാടയണീക്കുകയും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അഡ്വക്കറ്റ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് പ്രസിഡണ്ട് രാമചന്ദ്രന്‍ നായര്‍ കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ബഹുമാനവും ആദരവും കൊടുത്താല്‍ മാത്രമേ തിരിച്ച് കിട്ടുകയുള്ളൂ എന്നും ഹോസ്ദുര്‍ഗിലെ സര്‍വീസ് ജീവിതവും ജീവനക്കാരും അഭിഭാഷകരും മറ്റും നല്ല പിന്തുണയാണ് നല്‍കിയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് എം. കെ. ശശികുമാര്‍ ആദരിക്കുന്നവരെ പരിചയപ്പെടുത്തി. പോക്‌സോ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍, ഹോസ്ദുര്‍ഗ് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കെ. പി.അജയ് കുമാര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി. കെ. സതീശന്‍, അഡ്വക്കറ്റ്‌ക്ലെര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സി. രവി, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എം. ശശിധരന്‍, സെക്രട്ടറി പി. പി. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. വി.എം. ജയദേവന്‍ വി. വി.ബാലന്‍, നാരായണന്‍ പൊള്ളക്കട എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് സെക്രട്ടറി വി. ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി പി സത്യന്‍ നന്ദിയും പറഞ്ഞു.