‘ബിആര്‍ഡിസി’യുടെ കുടിവെള്ളം മുടങ്ങി, പമ്പ് കേടായിട്ട് ദിവസങ്ങളായി ; ജലഅതോറിട്ടിയുടെ അനാസ്ഥയെന്ന് ഉപയോക്താക്കള്‍

കിട്ടാത്ത വെള്ളത്തിന് ഒരു വര്‍ഷമായി പണം അടക്കുന്ന പാലക്കുന്നുകാരുടെ പരാതി വേറെയും

പാലക്കുന്ന് : ജല അതോറിട്ടിയുടെ കീഴില്‍ ‘ബിആര്‍ഡിസി വെള്ളം’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന പദ്ധതി മുഖേന ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള വിതരണം മുടങ്ങിട്ട് ദിവസങ്ങള്‍ ഏറെയായി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവര്‍ കൈയൊഴിയുന്നുവെന്ന് നാട്ടുകാര്‍.

ഈ പദ്ധതി മുഖേന കുടിവെള്ളമെത്തിക്കാന്‍ വിവിധ ഇടങ്ങളിലായി 12 പടുകൂറ്റന്‍ ടാങ്കുകളാണ് നിലവിലുള്ളത്.
കരിച്ചേരി പുഴയില്‍ നിന്ന് ബെങ്ങാട്ടെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാന്‍ അതിതീവ്ര ശക്തിയുള്ള മൂന്ന് പമ്പുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം കേടായിട്ട് വര്‍ഷങ്ങളായത്രേ . നിലവിലെ രണ്ടെണ്ണത്തില്‍ ഒരു പമ്പ്കൂടി ഈയിടെ കേടായതാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ കുടിവെള്ള വിതരണം താറുമാറാകാന്‍ കാരണമെന്നറിയുന്നു. വേനല്‍ ചൂടില്‍ വീട്ടുപറമ്പുകളിലെ ജല സ്രോതസ് വറ്റി വെള്ളം കിട്ടാതെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴാണ് ജല അതോറിട്ടിയുടെ വക മറ്റൊരു പ്രഹരം .

പാലക്കുന്നുകാരുടെ കഥ മറ്റൊന്ന്

ജലഅതോറിട്ടിയുടെ ‘ബിആര്‍ഡിസി വെള്ളം’ പാലക്കുന്ന് ഭാഗത്തെ ഒട്ടേറെ വീടുകളിലെ കുഴലിലൂടെ ഒഴുക്ക് നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നാണ് അവരുടെ പരാതി. കാഞ്ഞങ്ങാട് ഓഫീസില്‍ പലപ്പോഴായി പരാതിപെട്ടിട്ടും കിട്ടാത്ത വെള്ളത്തിന് പണം അടച്ചുകൊണ്ടിരിക്കുന്നതാണ്
അവരുടെ ദുര്‍ഗതി . മാസത്തില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം ‘കിട്ടിയാല്‍ കിട്ടി’ എന്നതാണ് അവസ്ഥ. ദ്വൈമാസ മീറ്റര്‍ റീഡിങ് മുറക്ക് നടക്കുന്നുണ്ട്. വെള്ളം ഉപയോഗിച്ചാലും ഇല്ലെങ്കിലും മിനിമം വെള്ളക്കരം അടച്ചല്ലേ പറ്റൂ. ഉപയോഗിക്കാന്‍ ഒരിറ്റ് കിട്ടിയില്ലെങ്കിലും മിനിമം ചാര്‍ജിലും അധിക തുക അടക്കാനുള്ള ബില്ലും ഇവിടെ പലര്‍ക്കും കിട്ടാറുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ച് ടാപ്പ് തുറന്നുവെക്കുന്നതാണ് പലരുടെയും രീതി . വെള്ളത്തിന് പകരം കാറ്റ് മാത്രം പുറത്തേക്ക് വിടുമ്പോള്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നതാണ് റീഡിങ് കൂടാന്‍ കാരണം. ബില്‍ തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കാന്‍ കാരണം അത് മതിയല്ലോ. മീറ്റര്‍ റീഡിങ്ങിനായി എത്തുന്ന ജീവനക്കാരനോട് പരാതിപെട്ടാല്‍ അയാള്‍ നിസ്സഹായകനാകും.
ഈ വേനല്‍ കാലത്ത് കുടിവെള്ളം മുടങ്ങിയത് ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. സാങ്കേതിക കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. പമ്പ് റിപ്പയര്‍ ചെയ്ത് ജലവിതരണം ഉടന്‍ ലഭ്യമാക്കണമെന്നാണ് ഉപയോക്താക്കളുടെ ആവശ്യം. അതേ സമയം കുടിവെള്ള ദുരുപയോഗം തടയാന്‍ ജലഅതോറിട്ടിയുടെ മിന്നല്‍ പരിശോധനയും ഉണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *