കണികണ്ടുണരാന്‍ വീണ്ടുമൊരു വിഷുപിലരി ഗൃഹാതുരതയോടെ

പാലക്കുന്നില്‍ കുട്ടി

മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ പരിക്രമണമായി വീണ്ടുമൊരു വിഷുപുലരിയെ വരവേല്‍ക്കാന്‍ നമ്മള്‍ഒരുങ്ങിക്കഴിഞ്ഞു. പതിവില്ലാത്ത വിധം കൊടും ചൂടിന്റെ പിടിയിലാണ് ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തറ് പിന്നിട്ടത്. ചുവട് വെച്ച് തൊട്ടു പിറകെ വിഷുവിനേയും വരവേല്‍ക്കുകയാണ് നമ്മള്‍… കേരളത്തിന്റെ നാള്‍വഴികള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്‌ലാഷ്ബാക്കിലൂടെ നോക്കിയാല്‍ മഴയുടെ കുറവിനോടൊപ്പം ചൂടിന്റെ കാഠിന്യവും ഇത്രത്തോളം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് മനസ്സില്‍ ഒരു ചോദ്യചിന്ഹമായി വെന്തുരുകുന്നുണ്ട്. പ്രകൃതി സമ്മാനിച്ച ചൂടിനോടൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് വേറെയും. വേനലിന്റെ താപനിലയില്‍ വെന്തുരുകുന്ന വേളയിലെ നോയ്മ്പും തുടര്‍ന്ന് ആഘോഷിച്ച ഈദുല്‍ ഫിത്തറും ഒപ്പം സമാഗതമായ വിഷുവും നമുക്ക് പുണ്യ നാളുകള്‍ തന്നെ.

വിഷു വിശേഷങ്ങള്‍

പ്രകൃതി നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ത്തുവെക്കാനും അതൊക്കെ പരിപാലിക്കാനുമുള്ള ഓര്‍മപ്പെടുത്തലുകള്‍ വിഷുവെന്ന സങ്കല്‍പത്തിലൂടെ നമുക്ക് നിമിത്തമാകുന്നുണ്ട്. ചക്ക, മാങ്ങ, തേങ്ങ, നെല്ല്, അടക്ക വെറ്റില, കണ്‍മഷി, ചാന്ത്, സിന്ദൂരം, നിലവിളക്ക്, വെള്ളം നിറച്ച ഓട്ടുകിണ്ടി, സ്വര്‍ണനിറമാര്‍ന്ന വെള്ളരി, സൗവര്‍ണ്ണ ശോഭയുള്ള കണിക്കൊന്നയ്ക്കും പുറമെ, ഗ്രന്ഥങ്ങള്‍, സ്വര്‍ണം, നാണയം, ധാന്യങ്ങള്‍, പൂക്കള്‍, ഫലങ്ങള്‍, കോടി വസ്ത്രം, വാല്‍കണ്ണാടി തുടങ്ങിയവ കണികാണാനായി ഓട്ടുരുളിയിലോ താലത്തിലോ വെക്കും. പുത്തന്‍ മണ്‍കലത്തില്‍ ഉണ്ണിയപ്പവും. മറ്റ് ഇഷ്ട ദേവത സങ്കല്‍പ്പങ്ങള്‍ക്കൊപ്പം ശ്രീകൃഷ്ണ പ്രതിമയോ വിഗ്രഹമോ തീര്‍ച്ചയായും ഉണ്ടാകും. കണിയൊരുക്കുന്ന രീതി കേരളത്തില്‍ പലയിടത്തും പലവിധമാണ്. കാര്‍ഷിക സംസ്‌കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് വിഷുവിന്റെ വരവ്. കാര്‍ഷികവൃത്തികള്‍ക്ക് തുടക്കം കുറിക്കുന്ന ശുഭദിനം. കാര്‍ഷികവും പ്രകൃതിപരവുമായ ഒരാഘോഷമാണല്ലോ നമുക്ക് വിഷുവെന്ന പുതുവര്‍ഷാരംഭം.

കണികാണല്‍

വിഷുപുലരിയിലെ ഐശ്വര്യദായകമായ കാഴ്ചയാണ് മേടം ഒന്നിന്റെ ആരംഭം.ഉണര്‍ന്നെഴുന്നേറ്റ് കണ്ണ് തുറന്നാല്‍ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുക്കണി. വീട്ടിലെ തലമുതിര്‍ന്നവര്‍ തലേന്ന് രാത്രി തന്നെ കണിയൊരുക്കും. പുലര്‍ച്ചെ വീട്ടിലെ ഓരോരുത്തരെയും വിളിച്ചുണര്‍ത്തി കണ്ണുകള്‍ പൊത്തി കണിയൊരുക്കിയ ഇടത്തേക്ക് കൊണ്ടുപോകും. എല്ലാം വെട്ടിത്തിളങ്ങുന്ന സുന്ദരമായ ആ കാഴ്ചയാണ് വിഷുക്കണി. തുടര്‍ന്ന് പുത്തനുടുപ്പിട്ട് സമീപ ക്ഷേത്രങ്ങളിലും തറവാടുളിലും ബന്ധു ഗൃഹങ്ങളിലും കണികാണാന്‍ പോകും.

വിഷു കൈനീട്ടം

വിഷുക്കണി കണ്ട ഉടനെ വീട്ടിലെ മുതിര്‍ന്ന ആള്‍ പ്രായം കുറഞ്ഞവര്‍ക്കും വിഷുക്കണി കാണാനെത്തുന്നവര്‍ക്കും വിഷുക്കൈനീട്ടം നല്‍കും. കൈനീട്ടം വാങ്ങുന്നവര്‍ക്കും അത് നല്‍കുന്നവര്‍ക്കും ഐശ്വര്യ സമ്പൂര്‍ണമായ ഒരു വര്‍ഷം ഉണ്ടാകാന്‍ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുമത്രെ. കൈയ്യും മനസും തൊട്ടുരുമ്മി ഹൃദയ ശുദ്ധിയോടെ നല്‍കുന്നതും അതേ സ്‌നേഹവായ്പ്പോടെ സ്വീകരിക്കുന്നതും രണ്ടുപേര്‍ക്കും ആ വര്‍ഷം ഐശ്വര്യപൂര്‍ണമായിരിക്കുമെന്നാണ് പറയുന്നത് .അങ്ങോട്ട് ചെന്ന് കൈനീട്ടം നല്‍കരുതെന്നും വിവക്ഷയുണ്ട്.

മുന്‍ കാലങ്ങളില്‍ നാണയതുട്ടുകളായിരുന്നു കൈനീട്ടം. ഇന്നത് പുതുപുത്തന്‍ നോട്ടുകളായി മാറി. ബാങ്കുകളില്‍ നിന്ന് നേരത്തേ പുത്തന്‍ നോട്ടുകള്‍ കരുതിവെക്കും. കൈനീട്ടം ഗൂഗിള്‍ പേ ആയും നല്‍കുന്ന കാലം അത്ര വിദൂരമല്ല. പ്രവാസികളില്‍ ചിലര്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ വഴി ‘കൈനീട്ടം’ നല്‍കുന്നുണ്ടെന്ന് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു. എന്തായാലും കൈനീട്ടം നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല, ആ തുകയുടെ വലിപ്പം എന്തായാലും.

വിഷു സദ്യ

ഓണസദ്യയ്ക്ക് സമാനമായ രീതിയില്‍ വീടുകളില്‍ വിഷു സദ്യയൊരുക്കും. എങ്കിലും വടക്കരുടെ വിശേഷങ്ങളില്‍ കോഴിവിഭവത്തിന്റെ മണവും രുചിയുമില്ലെങ്കില്‍ അത് സദ്യയാവില്ല. നമുക്ക് നമ്മുടെ രീതി, അവര്‍ക്ക് അവരുടെ രീതി. പച്ചക്കറിയില്‍ മാത്രം ഓണം, വിഷു സദ്യയൊരുക്കുന്നവരും ഇവിടങ്ങളില്‍ ഇല്ലെന്ന് പറയാനാവില്ല. മാറിയ ചുറ്റുപാടില്‍ കോഴിബിരിയാണിയും നൈച്ചോറും മീന്‍ പൊരിച്ചതും ഉണ്ടാക്കി വിഷുസദ്യയുണ്ണുന്ന ന്യുജെന്‍ സംസ്‌കാരവും ഇവിടങ്ങളില്‍ ക്ലച്ചു പിടിച്ചു തുടങ്ങിയിരിട്ടുണ്ട്.


വിഷു ആഘോഷം അവരവരുടെ ഇഷ്ടാനുസാരം നടക്കട്ടെ, അതില്‍ അവര്‍ ആനന്ദം കണ്ടെത്തുന്നുവെങ്കില്‍ അതാണ് അവരുടെ വിഷു ആഘോഷം . ആഘോഷം ഏതായാലും ഭക്ഷണം എന്താണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയല്ലേ?

വിഷുപടക്കം

വിഷുവിന് തലേന്നാല്‍ മുതല്‍ വീടുകളില്‍ പടക്കം പെട്ടിക്കല്‍ തുടങ്ങും.പുലര്‍ച്ചെ കണി കണ്ടശേഷവും ഇത് തുടരും. കുട്ടികള്‍ക്ക് വിഷുവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തതാണ് പടക്കം പൊട്ടിക്കല്‍. അവര്‍ക്ക് അതാണ് വിഷു. കുഞ്ഞു നാളില്‍ എനിക്കും അതായിരുന്നു ഹരം

കണിക്കൊന്ന

കൊന്ന പൂത്തുതുടങ്ങുന്നത് തന്നെ പുതുവര്‍ഷത്തിന്റെ തുടക്കമാണെന്ന വിളംബരമാണ് . ഇപ്പോഴിത് ചിലയിടങ്ങളില്‍ നേരത്തേ പൂത്തുകാണാറുണ്ട്. ഇലകൊഴിയുന്ന വൃക്ഷമാണ് കൊന്ന.മഞ്ഞനിറമാര്‍ന്ന പൂങ്കുലകള്‍ കണ്ണിനാനന്ദം നല്‍കുന്ന കാഴ്ചയാണ്. സ്വര്‍ണകിങ്ങിണികള്‍ പോലെ ചില്ലകള്‍ തോറും പൂങ്കുലകള്‍ കാറ്റത്ത് ആടുന്നത് കണ്ടിരിക്കാന്‍ എന്തൊരു ചേലാണ്, അല്ലേ. വിഷുവിന് കണികണ്ടുണരാന്‍ പ്രകൃതി നമുക്ക് നല്‍കിയ വിഷുകൈനീട്ടമാണ് ഈ സ്വര്‍ണമഞ്ഞപ്പൂക്കള്‍. കര്‍ണ്ണികാരം എന്നും ഇതിന് പേരുണ്ട്. ആരഗ്വധ, രാജവൃക്ഷ എന്ന് സംസ്‌കൃതത്തില്‍ പറയും. കാസ്യുഫിസ്റ്റുല എന്നാണ് ശാസ്ത്രീയ നാമം.

വിഷു ഓര്‍മ്മകള്‍

വിഷു വിശേഷങ്ങളും വിഷു സങ്കല്‍പങ്ങളും ഞങ്ങളുടെ ചെറുപ്രായത്തില്‍ പടക്കം പൊട്ടിക്കലിന് അമിത പ്രാധാന്യം നല്‍കുന്നവയായിരുന്നു. പടക്കം വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ കിട്ടാറില്ലാത്ത സാഹചര്യം. കുഞ്ഞു നാളിലെ ആ നൊമ്പരങ്ങള്‍ക്ക് എന്നും ആശ്വാസം വീടിന് തൊട്ടപ്പുറത്തെ പാലക്കുന്ന് ക്ഷേത്ര പറമ്പിലെ പടുകൂറ്റന്‍ കാഞ്ഞിര മരമായിരുന്നു. (എന്തിനാണ് ആ മരം പിന്നീട് കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് ഞാന്‍ ചിന്തിച്ചു പോകാറുണ്ട്.). ആ മരത്തില്‍ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു ഞാനും എന്റെ അന്നത്തെ കളികൂട്ടുകാരും പെറുക്കി സഞ്ചിയില്‍ സൂക്ഷിച്ചു വെക്കും. ഉദുമ ഗവ. എല്‍. പി. സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്‌കൂളിനടുത്ത് അനാദി കച്ചവടക്കാരനായ മമ്മിച്ച ( പേരില്‍ ഒരു സംശയമുണ്ട്. ഉദുമ ടൗണിലെ പള്ളിക്കടുത്തായിരുന്നു കട) കാഞ്ഞിരക്കുരു തൂക്കിവാങ്ങുമായിരുന്നു. അങ്ങിനെ കിട്ടുന്ന തുട്ട് പൈസകള്‍ സ്വരൂപിച്ചു വെക്കുന്ന ശീലം ചെറുപ്പത്തിലുണ്ടായിരുന്നു. മമ്മിച്ച കാഞ്ഞിരക്കുരു എന്തിനാണ് വാങ്ങുന്നതെന്ന് ചോദിച്ചറിയാനുള്ള അറിവൊന്നും അന്ന് ഉണ്ടായിരുന്നില്ല. (ചര്‍മരോഗ ചികിത്സയ്ക്ക്
ആയുര്‍വേദ മരുന്നുണ്ടാക്കാന്‍ ഇപ്പോഴും കാഞ്ഞിരക്കുരു ഉപയോഗിക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ അപ്പകുഞ്ഞി വൈദ്യര്‍ പറയാറുണ്ട്).

അമ്മയുടെ അച്ഛന്‍ അപ്പുടു പൂജാരി പാലക്കുന്ന് ക്ഷേത്ര ഭരണ നിര്‍വഹണങ്ങള്‍ സ്വന്തം നിലയില്‍ നടത്തിയിരുന്ന കാലം. തമ്പാച്ചന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുമ്പോള്‍ വല്ലപ്പോഴും കിട്ടുന്ന എട്ടണ തുട്ടുകള്‍ സ്വരൂപിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു അന്ന്. മംഗലാപുരത്ത് നിന്ന് ബന്‍സ് വാങ്ങി കൊണ്ടുവന്ന് ഇവിടെ വില്പന നടത്തിയിരുന്ന ബന്‍സ് രാമേട്ടനെ മറ്റാരുമറിയാതെ ആ ‘തുട്ടുകള്‍’ ഞാന്‍ ഏല്‍പ്പിക്കും.ഞങ്ങള്‍ക്ക് പാലക്കുന്നില്‍ ഉണ്ടായിരുന്ന ഹോട്ടലിലായിരുന്നു രാമേട്ടന്റെ പതിവ് താവളം. വിഷു എത്താറാകുമ്പോള്‍ രാമേട്ടന്‍ ആ പൈസയും അദ്ദേഹത്തിന്റെ കൈനീട്ടവും ചേര്‍ത്തു എനിക്ക് തിരിച്ചു തരും. ഈ എട്ടണതുട്ട് ശേഖരവും, കാഞ്ഞിരക്കുരു പൈസയും ചേര്‍ക്കുമ്പോള്‍ ‘തെക്കാള്‍പ്പിലെ’ വെടി ഞങ്ങള്‍ക്ക് പൂരമാകും. വിഷുവിന് പടക്കം പൊട്ടിക്കാനുള്ളകുഞ്ഞു മനസ്സിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല. പടക്കം വാങ്ങാനുള്ള ഏക ആശ്രയമായിരുന്നു ക്ഷേത്ര പറമ്പിലെ കാഞ്ഞിരമരവും തമ്പാച്ചന്റെ എട്ടണതുട്ടുകളും.

വിഷുവുമായി ബന്ധപെട്ട വൈലോപ്പിള്ളിയുടെ വരികള്‍ ഒരിക്കല്‍ കൂടി പാടിക്കൊണ്ട് ഇന്നത്തെ വിഷുചിന്തകള്‍ നിര്‍ത്തുന്നു.

‘ഏതു ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും
ഇത്തിരി കൊന്നപ്പൂവും’

Leave a Reply

Your email address will not be published. Required fields are marked *