വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കല്‍ നാളെ(7)
പാലക്കുന്ന് : കഴത്തിലെ രണ്ടാമത്തെ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്തിലെ മറക്കളത്തില്‍ ദീപം തെളിഞ്ഞു. രാവിലെ കന്നികലവറയ്ക്ക് ശേഷം കോതോര്‍മ്പന്‍ തറവാട്ടില്‍ നിന്നുള്ള കലവറ ഘോഷയാത്രയാണ് വാദ്യമേളഘോഷത്തോടെ ദേവസ്ഥാനത്ത് ആദ്യമെത്തിയത്. തുടര്‍ന്ന് കീക്കാനം അരയാലിങ്കാല്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പ്രദേശവാസികളും പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് യുഎഇ കമ്മിറ്റി വകയും കലവറ നിറച്ചു. ചെറൂട്ട അയ്യപ്പ ഭജന മന്ദിരം, വെളുത്തോളി പഞ്ചുര്‍ളി കരിഞ്ചാമുണ്ഡി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, പട്രച്ചാല്‍ രക്തേശ്വരി വിഷ്ണുമൂര്‍ത്തി വനശാസ്താ ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും കലവറ ഘോഷയാത്രകള്‍ എത്തിയിരുന്നു. രാത്രി കൈവീതിന് ശേഷം മറക്കളത്തില്‍ സര്‍വരുടെയും സാന്നിധ്യത്തില്‍ ദീപം തെളിച്ചു. ശേഷം പ്രധാന അടുക്കളയിലും ദീപം വെച്ചു. തോറ്റം പാട്ടിനും അനുബന്ധ ചടങ്ങുകള്‍ക്കും ശേഷം പാലക്കുന്ന് ക്ഷേത്ര ആചാരസ്ഥാനികരുടെയും വിവിധ കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ മുരളി കുറ്റിക്കോല്‍ (കണ്ടനാര്‍ കേളന്‍),കുമാരന്‍ താനൂര്‍ (വയനാട്ടുകുലവന്‍ ) എന്നിവരെ പ്രധാന കോലധാരികളായി സുനീഷ് പൂജാരി പ്രഖ്യാപിച്ചു.
കണ്ടനാര്‍ കേളന്റെ ബപ്പിടല്‍ നേരമൊഴികെ ഭക്ഷണവിതരണം ഉണ്ടാകും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ രാവും പകലുമായി 7000 ത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പിയെന്നാണ് വിലയിരുത്തല്‍. ഇന്നും നാളെയും ഇത് തുടരും.
ഇന്ന് വൈകുന്നേരം 6ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടത്തിന് ശേഷം രാത്രി 9ന് കണ്ടനാര്‍ കേളന്റെ വെള്ളാട്ടവും തുടര്‍ന്ന് തെയ്യംകെട്ടിന്റെ പ്രധാന ചടങ്ങായ ബപ്പിടലും നടക്കും.
11ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലിന് ശേഷം വയനാട്ടുകുലവന്റെ വെള്ളാട്ടവും ഉണ്ടാകും
നാളെ ഉച്ചയ്ക്ക് 3ന്
വയനാട്ടുകുലവന്‍ അരങ്ങിലെത്തും. തുടര്‍ന്ന് സവിശേഷമായ ചൂട്ടൊപ്പിക്കല്‍ നടക്കും . ശേഷമാണ് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്. രാത്രി മറപിളര്‍ക്കലും ശേഷം വിളക്കിലരിയോടെ തെയ്യംകെട്ട് സമാപിക്കും