കണ്ണികുളങ്ങര വലിയവീട് തെയ്യംകെട്ട്: തെയ്യംകെട്ടിന് സമാരംഭമായി കലവറ നിറച്ചു: വെള്ളിയാഴ്ച്ച രാത്രി മറക്കളത്തില്‍ ദീപം തെളിയും

ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കലോടെ സമാരംഭം കുറിച്ചു. വ്യാഴാഴ്ച്ച രാവിലെ തറവാട്ടില്‍ നിന്നുള്ള കന്നിക്കലവറയാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് തറവാട് നിലകൊള്ളുന്ന ഒന്നാം കിഴക്കേക്കര പ്രദേശത്തുനിന്നുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്ര വാദ്യമേള ഘോഷങ്ങളോടെ തറവാട്ടിലെത്തി. തുടര്‍ന്ന് വിവിധ പ്രദേശിക സമിതികളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും പച്ചക്കറികള്‍, ധാന്യങ്ങല്‍, നാളികേരം തുടങ്ങി ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങള്‍ അതിനായി അനുഷ്ഠാനപരമായി കെട്ടിയുണ്ടാക്കിയ കലവറയില്‍ നിറച്ചു.മാതൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വിളയിച്ചെടുത്ത പച്ചക്കറിക്ക് പുറമെയാണിത്.


ഉത്സവനാളുകളില്‍ തറവാട്ടിലെത്തുന്നവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യ വിളമ്പണമെന്നത് ഉത്സവ ചടങ്ങിന്റെ ഭാഗമാണ്. അതിനായി വിശാലമായ അടുക്കളയും ഭക്ഷണശാലയുമാണിവിടെ ഒരുക്കിയിട്ടുള്ളത്.രാത്രി ധര്‍മദൈവങ്ങളുടെ തെയ്യം കൂടല്‍ നടന്നു.

വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തറവാടു ധര്‍മദൈവങ്ങളായ പൊട്ടന്‍തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി, കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികള്‍ തെയ്യങ്ങള്‍ അരങ്ങിലെത്തി അനുഗ്രഹം ചൊരിയും . രാത്രി മറക്കളത്തില്‍ ദീപം തെളിയും. തുടര്‍ന്ന് ആചാരസ്ഥാനികര്‍ കോലധാരികളുടെ പേരുകള്‍ ചടങ്ങിന്റെ ഭാഗമായി പ്രഖ്യാപിക്കും

.

ശനിയാഴ്ചത്തെ പരിപാടി

വൈകുന്നേരം 5ന് കാര്‍ന്നോന്‍, 7ന് കോരച്ചന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. 9ന് കണ്ടനാര്‍ കേളന്റെ വെള്ളാട്ടത്തിന് ശേഷം നടക്കുന്ന ബപ്പിടല്‍ ചടങ്ങ് കാണാനായി പതിനായിരങ്ങള്‍ മറക്കളത്തിന് ചുറ്റും ഇടം പിടിക്കും.തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തിശടങ്ങലിന് ശേഷം വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും തുടര്‍ന്ന് അന്നദാനവും ഉണ്ടാകും. 31നാണ് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *