ഏപ്രില്‍ 5 മുതല്‍ 7 വരെയാണ് ഇവിടെ തെയ്യംകെട്ടുത്സവം
പാലക്കുന്ന് : കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം-താനത്തിങ്കാല്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 5 മുതല്‍ 7 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി ഇന്നലെ(26) രാത്രി കൂവം അളന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, ചന്ദ്രഗിരി ശാസ്താ , പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രങ്ങളിലേക്കും കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തേക്കും 21 ഇടങ്ങഴി വീതവും, കരിപ്പോടി ശാസ്താ , അരവത്ത് സുബ്രഹ്‌മണ്യസ്വാമി, പാക്കത്തപ്പന്‍ മഹാദേവ, പാക്കം മഹാവിഷ്ണു, മഡിയന്‍ കൂലോം, ഉദിനൂര്‍ ക്ഷേത്ര പാലക, ആലക്കോട് മഹാവിഷ്ണു, ദേവന്‍പൊടിച്ചപാറ അര്‍ധനാരീശ്വര, പെരിയോക്കി ഗൗരി ശങ്കര, കൂടാനം മണിയന്തട്ട മഹാവിഷ്ണു, ശ്യാമളമണ്ഡപം ദുര്‍ഗാപരമേശ്വരി, കല്ല്യോട്ട് ഭഗവതി, അച്ചേരി മഹാവിഷ്ണു, പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി, തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രങ്ങളിലേക്ക് 11
ഇടങ്ങഴിയും വീതമാണ് കൂവം അളന്നത്. അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം തറവാട് തിരുമുറ്റത്ത് കൂട്ടിവെക്കുന്ന നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് അളന്ന് പ്രത്യേക ചാക്കുകളില്‍ കെട്ടിവെക്കുന്നതാണ് രീതി. തെയ്യംകെട്ട് നടക്കും മുന്‍പേ ഇവ അതത് ഇടങ്ങളില്‍ എത്തിച്ചിരിക്കണമെന്നാണ് ചട്ടം. നിത്യപൂജ സമ്പ്രദായങ്ങള്‍ ഇല്ലാത്ത ക്ഷേത്രങ്ങളും തറവാടുകളും അടക്കം 29 ഇടങ്ങളിലേക്ക് ദീപത്തിന് എണ്ണയും നല്‍കും. തെയ്യംകെട്ട് ചടങ്ങുകള്‍ക്കായി 6 പറവീതം പച്ചരിയും പുഴുങ്ങലരിയും 2 കൈവീതിനായി 21 ഇടങ്ങഴി വീതവും അളന്നുമാറ്റി.
തറവാടുകളില്‍ വലിയൊരു ഉത്സവം നടക്കുമ്പോള്‍ സമീപത്തെ ക്ഷേത്രങ്ങളിലെ ദേവത സങ്കല്‍പ്പങ്ങളെ മറന്നുപോകരുതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കൂവം അളക്കല്‍ എന്നാണ് പഴമൊഴി. വെളിച്ചപ്പാടാന്മാരുടെയും പാലക്കുന്ന് ക്ഷേത്ര ആചാര സ്ഥാനികരുടെയും മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങിന് ക്ഷേത്ര ഭരണസമിതി , തെയ്യംകെട്ട് ആഘോഷ കമ്മിറ്റി, തറവാട്, പ്രാദേശിക സമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി. ചൂട്ടൊപ്പിക്കല്‍ ചടങ്ങിന് നിയുക്തനായ പട്രച്ചാല്‍ നാരായണനാണ് കൂവം അളന്നത്.ചടങ്ങിന്റെ ഭാഗമായി ആയിരത്തില്‍ പരം ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി.
അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.