പെരിയ: വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാന്‍ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രന്‍ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെ അപേക്ഷിച്ച് പില്‍ക്കാലത്ത് ഏറെ തിരിച്ചറിയപ്പെട്ട കവിയാണ് ആശാന്‍. എഴുത്തച്ഛനു ശേഷം വിരല്‍ മടക്കി എണ്ണാവുന്ന കവികളില്‍ എന്തുകൊണ്ടും മുന്നിലാണ് ആശാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കേന്ദ്ര സര്‍വകലാശാല മലയാളം വകുപ്പും നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂര്‍ സര്‍വകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന രണ്ടു ദിവസത്തെ മഹാകവി കുമാരനാശാന്‍ ചരമശതാബ്ദി സെമിനാറില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആധുനികതയിലേക്കുള്ള പ്രയാണത്തില്‍ ആശാന്‍ കവിതകള്‍ക്കുള്ള സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ.എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ.ആര്‍. ചന്ദ്രബോസ് സ്വാഗതവും ഡോ. കെ. ദേവി നന്ദിയും പറഞ്ഞു. വായന-എഴുത്ത്-പുനരെഴുത്ത് എന്ന വിഷയത്തില്‍ ഡോ. സി.ജെ. ജോര്‍ജും മുണ്ടശ്ശേരിയുടെ ആശാന്‍ എന്ന വിഷയത്തില്‍ ഡോ. പി. പ്രജിതയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. വി. രാജീവ്, ഡോ. കെ. ഹരിദാസ് എന്നിവര്‍ മോഡറേറ്റര്‍മാരായി. കലാമണ്ഡലം ആദിത്യനും സംഘവും അവതരിപ്പിച്ച കരുണാ കാവ്യത്തിന്റെ കഥകളിയും ഉണ്ടായി. ഗവേഷകരായ ഡോ. ശരണ്‍ ചന്ദ്രന്‍ എന്‍., പി. പ്രിയലത, ആയിഷത്ത് ഹസൂറ ബി.എ., അരുണ്‍ രാജ് എം.കെ. എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.