പെരിയ: ഏഴാമത് ബിരുദദാന സമ്മേളനത്തിനായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് (തിങ്കളാഴ്ച, നവംബര്‍ 11) രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസാണ് മുഖ്യാതിഥി. സര്‍വകലാശാല ക്യാംപസില്‍ വിവേകാനന്ദ സര്‍ക്കിളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിശിഷ്ടാതിഥികളും അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ 1600ഓളം പേരെ ഉള്‍ക്കൊള്ളാവുന്ന പന്തലും ഇവിടെ ഒരുങ്ങി.
വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു, എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
2023ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 957 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 765 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ നല്‍കും. കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്‍കുന്നത്.