ചരിത്രത്തിലെ പുതിയ ഉയരങ്ങള്‍ കുറിച്ച ശേഷം സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 48,600 രൂപയാണ് വില. ഗ്രാമിന് 6,075 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില ഉള്ളത്. ആഗോളതലത്തിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്നലെ വരെ കഴിഞ്ഞ വാരത്തിലെ 5 ദിവസങ്ങളിലും സ്വര്‍ണവില വന്‍ കുതിപ്പാണ് കാഴ്ച വെച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയും, ഗ്രാമിന് 50 രൂപയും വര്‍ദ്ധിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണം ഔണ്‍സിന് 17.09 ഡോളര്‍ ഉയര്‍ന്ന് 2,178.80 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോളവിലയിലെ നേരിയ ചലനങ്ങള്‍ പോലും ആഭ്യന്തര വിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ്.