സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 47,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ദ്ധിച്ച് 5,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍ എത്തുന്നത്.
ഇന്നലെയും കേരളത്തിലെ സ്വര്‍ണവില സര്‍വ്വകാല ഉയരത്തിലെത്തി റെക്കോര്‍ഡിട്ടിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഈ റെക്കോര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില കുതിക്കുന്ന പ്രവണതയാണ് ദൃശ്യമായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 11.16 ഡോളര്‍ ഉയര്‍ന്ന് 2125.84 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണവില ഉള്ളത്. അന്താരാഷ്ട്ര സ്വര്‍ണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വര്‍ണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിലയിലെ നേരിയ മാറ്റങ്ങള്‍ പോലും ആഭ്യന്തര വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.