മെസ്സി സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസ്; വി. അബ്ദുറഹിമാനെയും യു. ഷറഫലിയെയും പ്രതിചേര്‍ക്കാന്‍ എസ്.ഐ.ടി റിപ്പോര്‍ട്ട് ഉടന്‍
തിരുവനന്തപുരം: ലയണല്‍ മെസ്സിയുടെ പേരില്‍ നടന്ന ഫുട്ബോള്‍ സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെയും അന്നത്തെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പില്‍ നിന്ന് നേരത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപയുടെ സാമ്പത്തിക ഇളവ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഡിയം ആര്‍.ബി.സി.ക്ക് അനുവദിച്ച അതേ ദിവസം തന്നെയാണ് യു. ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറത്തെ ഫുട്ബോള്‍ അക്കാദമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ എത്തിയത്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്നും ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിനും അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും ആര്‍.ബി.സി.യും തമ്മില്‍ ഒപ്പിട്ട കരാറില്‍ അന്നത്തെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ യു. ഷറഫലി സാക്ഷിയായിരുന്നു. കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പ്രത്യുപകാരമായാണ് തുക അക്കാദമിയുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശേഖരിച്ച തെളിവുകളുടെയും സാമ്പത്തിക രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇരുവരെയും പ്രതിചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.