ഉമ്മന്‍ ചാണ്ടിയെ അവസാനകാലത്ത് ചിലര്‍ കൈവിട്ടു,സോളാര്‍ കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ കുടുംബത്തിനൊപ്പം നിന്നു; പിന്തുണച്ച് ചാണ്ടി ഉമ്മന്‍

അവസാനകാലത്ത് ഉമ്മന്‍ ചാണ്ടിയെ ചിലര്‍ കൈവിട്ടുവെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സോളാര്‍ കേസ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനും പാര്‍ട്ടിക്കും വേണ്ടി പരസ്യമായി പോരാടിയ വ്യക്തിയാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും, അത് മറക്കാനാകില്ലെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറാന്‍ ശ്രമിച്ചപ്പോള്‍ മുന്നില്‍ പോരാളിയായി നിന്നത് ഉണ്ണിത്താനാണെന്നും, മറ്റുള്ളവരും അവരവരുടെ തലത്തില്‍ പ്രതിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ തങ്ങളുടെ കുടുംബത്തെ സഹായിച്ചതില്‍ യാതൊരു സംശയവുമില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രക്തമൊലിപ്പിച്ച് അദ്ദേഹം വീട്ടിലേക്ക് വന്നപ്പോള്‍ താനാണ് സ്വീകരിച്ചതെന്നും, കുടുംബമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പിതാവിനെ സംരക്ഷിക്കാന്‍ മണിക്കൂറുകളാണ് ഉണ്ണിത്താന്‍ ചെലവഴിച്ചത്. സോളാര്‍ കാലത്ത് ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി പാര്‍ട്ടിയെയും കുടുംബത്തെയും പരസ്യമായി സംരക്ഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താനും ടി. സിദ്ദിഖുമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ് ഉണ്ണിത്താനെന്നും, കല്ലേറിന്റെ രക്തസാക്ഷിയായ അദ്ദേഹത്തോട് തങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകെയും എന്നും കടപ്പാടുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ടി. സിദ്ദിഖും മറ്റ് നേതാക്കളും ഒപ്പം നിന്നിട്ടുണ്ടെന്നും, ഉമ്മന്‍ ചാണ്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ഷാഫി പറമ്പിലും ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും കുറ്റപ്പെടുത്താനില്ലെന്നും, സോളാര്‍ കാലത്ത് ആരും ഇട്ടുപോയിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ലാതിരുന്ന അവസാനകാലത്ത് ചിലര്‍ കൈവിട്ടുവെന്നും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചുവെന്നതും യാഥാര്‍ത്ഥ്യമാണ്. അത് ആരായിരുന്നുവെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും, അതിനര്‍ത്ഥം ഷാഫി പറമ്പിലാണെന്നല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *