കൊട്ടാരക്കര: ക്ഷേത്രദര്‍ശനത്തിനെത്തിയ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ സ്ത്രീ അറസ്റ്റില്‍. പരവൂര്‍ നെടുങ്ങോലം കളിയാട്ടുവിള വീട്ടില്‍ രമയെയാണ് (67) കൊട്ടാരക്കര പോലീസ് പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 17-ന് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ശൂരനാട് സ്വദേശിയായ കുഞ്ഞിന്റെ കാലില്‍ കിടന്നിരുന്ന സ്വര്‍ണാഭരണമാണ് തിരക്കിനിടയില്‍ നഷ്ടമായത്. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും മോഷ്ടാവിനെ തിരിച്ചറിയുകയുമായിരുന്നു.
ഇവര്‍ മുന്‍പും ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ടെന്നും കൊട്ടാരക്കരയിലെ ചില സ്വര്‍ണക്കടകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയിരുന്ന പോലീസ്, കഴിഞ്ഞ ദിവസം വീണ്ടും ക്ഷേത്രത്തിലെത്തിയ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര എസ്.ഐ. ഹേമന്ത് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.