ആദ്യവിവാഹം മറച്ചുവെക്കാന്‍ ജനപ്രതിനിധികളുടെ വ്യാജ സത്യവാങ്മൂലം; രണ്ടാം വിവാഹത്തട്ടിപ്പില്‍ യുവാവ് അറസ്റ്റില്‍

കൊട്ടാരക്കര: ആദ്യവിവാഹം മറച്ചുവെച്ച് വ്യാജരേഖകള്‍ ഹാജരാക്കി രണ്ടാം വിവാഹം നടത്തിയെന്ന കേസില്‍ എറണാകുളം ചോറ്റാനിക്കര എരുവേലി കായംപിള്ളിയില്‍ ഹൗസില്‍ ഇന്ദ്രജിത്തിനെ (32) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വാളകം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. താന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി കണയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറുടെയും പേരില്‍ വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
2023 ജൂലൈ 14-ന് ഇടുക്കി സ്വദേശിനിയുമായി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇന്ദ്രജിത്തിന്റെ ആദ്യവിവാഹം നടന്നിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരി ഒന്നിന് എറണാകുളം കുടുംബ കോടതിയുടെ ഉത്തരവിലൂടെ ഈ ബന്ധം നിയമപരമായി വേര്‍പെടുത്തി. എന്നാല്‍, വിവാഹാലോചന സമയത്തോ വിവാഹവേളയിലോ മുന്‍വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ വാളകം സ്വദേശിനിയോടും വീട്ടുകാരോടും വെളിപ്പെടുത്തിയിരുന്നില്ല. വര്‍ക്കല ശിവഗിരിയിലും ആറ്റുകാല്‍ ക്ഷേത്രത്തിലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി അവിവാഹിതനാണെന്ന സാക്ഷ്യപത്രമോ വിവാഹമോചന സര്‍ട്ടിഫിക്കറ്റോ നല്‍കേണ്ടതുണ്ടായിരുന്നു. ഇതിനായി യുവാവിനെ വര്‍ഷങ്ങളായി അറിയാമെന്നും മുന്‍പ് വിവാഹം കഴിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ജനപ്രതിനിധികളുടെ വ്യാജ സത്യവാങ്മൂലം ഇയാള്‍ ഹാജരാക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവഗിരിയില്‍ മാലയിടല്‍ ചടങ്ങും കഴിഞ്ഞ ജൂലൈ 12-ന് ആറ്റുകാലില്‍ വെച്ച് വിവാഹവും നടന്നു.
വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതോടെ യുവതിയുടെ വീട്ടുകാര്‍ പ്രതിക്കും ബന്ധുക്കള്‍ക്കുമെതിരെ കൊട്ടാരക്കര പോലീസില്‍ സ്ത്രീധനപീഡനത്തിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ മുന്‍വിവാഹ വിവരങ്ങളും വിവാഹത്തിനായി സമര്‍പ്പിച്ചത് വ്യാജ സത്യവാങ്മൂലമാണെന്നും വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ ഹേമന്ത് മോഹന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *