നീലേശ്വരം താലൂക്ക് ആശുപത്രിക്ക് ബി.എല്‍.എസ്.ആംബുലന്‍സ് സമര്‍പ്പിച്ച് കേരളവിഷന്‍; താക്കോല്‍ദാനം മന്ത്രി എം. ലിജു നിര്‍വ്വഹിച്ചു

നീലേശ്വരം: സാങ്കേതിക വളര്‍ച്ചയ്ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച്, കേരളത്തിലെ ഓരോ ജില്ലയ്ക്കും ബി.എല്‍.എസ്. ആംബുലന്‍സുകള്‍ നല്‍കുന്ന ജീവകാരുണ്യ പദ്ധതിയുമായി കേരളവിഷനും എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റും മുന്നോട്ടുപോകുന്നു. ‘ഓരോ ജില്ലയ്ക്കും ഒരു ആംബുലന്‍സ്’ പദ്ധതിയുടെ ഭാഗമായി നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 25 ലക്ഷത്തിലധികം രൂപ ചെലവില്‍ സജ്ജമാക്കിയ ഫോഴ്‌സ് കമ്പനിയുടെ അത്യാധുനിക ബി.എല്‍.എസ്. ആംബുലന്‍സ് സമര്‍പ്പിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു ആംബുലന്‍സിന്റെ താക്കോല്‍ദാനവും സമര്‍പ്പണവും നിര്‍വ്വഹിച്ചു. ഡെപ്പ്യൂട്ടി ഡി.എം.ഒ. ഡോ. രശ്മി മാത്യു താക്കോല്‍ ഏറ്റുവാങ്ങി.

നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് സെക്രട്ടറി കെ. വിജയകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സി.ഒ.എ.) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍, കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് എം.ഡി. കെ. ഗോവിന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

വാര്‍ഡ് കൗണ്‍സിലര്‍ ഇ. അനീഷ്, വിവിധ കക്ഷി നേതാക്കളായ സാഗര്‍ ചാത്തമത്ത്, അഡ്വ. കെ.പി. നസീര്‍, പി. വിജയകുമാരന്‍, സി. വിദ്യാധരന്‍, പി. മുഹയുദ്ദീന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം.ജെ. ജോയ്, രാജീവന്‍ പുതുക്കുളം, കെ.വി. ചന്ദ്രന്‍, ഡോ. വി. സുരേഷ്, സേതു ബങ്കളം, സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ എന്നിവര്‍ സംസാരിച്ചു. സി.ഒ.എ., കേരളവിഷന്‍ ഭാരവാഹികളായ ഷുക്കൂര്‍ കോളിക്കര, വി.വി. മനോജ് കുമാര്‍, എം. ലോഹിതാക്ഷന്‍, പി. വിനോദ്, കെ. പ്രദീപ് കുമാര്‍, ടി.വി. മോഹനന്‍, കെ.വി. രാജീവന്‍, പി.ആര്‍. ജയചന്ദ്രന്‍, രാജീവന്‍ കരിങ്ങാട്ട് എന്നിവര്‍ സംബന്ധിച്ചു. എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി. നായര്‍ നന്ദിയും പറഞ്ഞു.

വയനാട് ജില്ലയിലെ കല്‍പ്പറ്റ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി, ഇടുക്കി ജില്ലയിലെ ഗവണ്‍മെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി, തൃശൂര്‍ ജില്ലയിലെ ഗവണ്മെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി എന്നിവയ്ക്കും പദ്ധതിയുടെ ഭാഗമായി ഇതിനോടകം ആംബുലന്‍സുകള്‍ നല്‍കിയിട്ടുണ്ട്. 7000 കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ രൂപംകൊണ്ട കേരളവിഷന്‍, ബ്രോഡ്ബാന്‍ഡ്, മാധ്യമ രംഗത്തെ വളര്‍ച്ചയ്ക്കൊപ്പം കുട്ടനാട് കുടിവെള്ള പദ്ധതി, അട്ടപ്പാടിയിലെ കണക്ടിവിറ്റി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, വയനാട് പുനരധിവാസ ധനസഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *