റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ട്രെയിന്‍ കോച്ചിനുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍;പ്രതി പിടിയില്‍

നാഗര്‍കോവില്‍: നാഗര്‍കോവില്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. കന്യാകുമാരി ചെമ്പകരാമന്‍പുത്തൂര്‍ സ്വദേശി അയ്യപ്പന്‍ (31) ആണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴിഞ്ഞ 18-ന് രാവിലെ എട്ടുമണിയോടെയാണ് നാഗര്‍കോവില്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പര്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിനുള്ളില്‍ സീറ്റിനടിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടേത് ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് റെയില്‍വേ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചത്. നവംബര്‍ 14-ന് രാവിലെ എട്ടുമണിയോടെ കൊലപാതകം നടന്ന കോച്ചില്‍ നിന്ന് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അയ്യപ്പനെ പിടികൂടിയത്.
നവംബര്‍ 14-ന് രാത്രി 12:30-ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യുവതിയെ പ്രതി ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും ഗുരുതരമായ പരിക്കുകളുമാണ് മരണകാരണം. കഴിഞ്ഞ മൂന്ന് നാല് മാസമായി പ്രതി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *