അടൂര്‍: ഹോംനഴ്സ് ജോലി വാഗ്ദാനം ചെയ്തും അമ്മയെപ്പോലെയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും 77-കാരിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന 61-കാരന്‍ അറസ്റ്റില്‍. ആലപ്പുഴ ചുനക്കര കോമല്ലൂര്‍ പുളിമൂട്ടില്‍ ഷോജിന്‍ വില്ലയില്‍ ജി. ഷാജിയെയാണ് അടൂര്‍ പോലീസ് പിടികൂടിയത്.
ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അടൂരിലെ സര്‍വീസ് സഹകരണ ബാങ്കിലേക്ക് പോകുകയായിരുന്ന വയോധികയെ ഓട്ടോറിക്ഷയിലെത്തിയ പ്രതി തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഹോംനഴ്സായി ജോലി ചെയ്യുകയാണെന്ന് വയോധിക അറിയിച്ചതോടെ, കണ്ടാല്‍ തന്റെ അമ്മയെപ്പോലെയുണ്ടെന്നും വീട്ടില്‍ ഹോംനഴ്സിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ഇയാള്‍ വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ചുനക്കരയിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് നൂറനാട് ഭാഗത്ത് ഇറക്കിവിടുകയുമായിരുന്നുവെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തിന് പിറ്റേദിവസം പ്രതി വയോധികയെ ഫോണില്‍ വിളിച്ച് വീണ്ടും നൂറനാടേക്ക് വിളിച്ചുവരുത്തി. പണയം വെക്കുന്നതിനായി സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും വയോധിക വിസമ്മതിച്ചു. ഇതോടെ പ്രകോപിതനായ ഷാജി വയോധികയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പഴയ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്ന കടയില്‍ പണയം വെക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ സ്‌കൂട്ടര്‍ കൈക്കലാക്കിയ പ്രതി, അതുവഴി 30,000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.