പശ്ചിമബംഗാളിലെ പൂര്‍വ ബര്‍ധമാന്‍ ജില്ലയിലുള്ള ഹമീദ്പുര്‍ പൂര്‍ബസ്ഥലി സ്വദേശി സമീന്‍ ഷേഖിനെയാണ് (27) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 22.40 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. സ്വന്തം നാട്ടില്‍ കിടക്കക്കമ്പനിക്കാരനായാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
സെപ്റ്റംബര്‍ 19-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശികളായ അസിം ഷേഖ് (23), സാഹിദുല്‍ മല്ലിക്ക് (28) എന്നിവര്‍ കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു കേസില്‍ കോഴിക്കോട്ടുനിന്ന് മസൂദ് ഷേഖിനെയും (28) പോലീസ് പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്ത് സംഘത്തിന്റെ തലവന്‍ സമീന്‍ ഷേഖാണെന്ന നിര്‍ണായക വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. കേരള റെയില്‍വേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടാന്‍ ബംഗാളിലേക്ക് തിരിച്ചത്. ഇന്‍സ്‌പെക്ടര്‍ എ. പ്രതാപിന്റെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വി.എം. ഷക്കീര്‍, സീനിയര്‍ സി.പി.ഒ. വി. രാമന്‍, സി.പി.ഒ. കെ. സിജു, ആര്‍.പി.എഫ്. സി.പി.ഡി.എസ്. കോണ്‍സ്റ്റബിള്‍ അബ്ദുല്‍സത്താര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങളോളം രഹസ്യ നിരീക്ഷണം നടത്തിയ സംഘം പൂര്‍ബസ്ഥലിയിലുള്ള സമീന്‍ ഷേഖിന്റെ വീടും ഒളിത്താവളവും കൃത്യമായി മനസ്സിലാക്കി. അക്രമകാരികളായ ചില ഗ്രാമവാസികളുടെ കാവലില്‍ കഴിഞ്ഞിരുന്ന പ്രതിയെ അര്‍ധരാത്രിയോടെ താവളം വളഞ്ഞാണ് പോലീസ് കീഴ്പ്പെടുത്തിയത്. 12 വര്‍ഷം മുന്‍പ് കെട്ടിടനിര്‍മാണ ജോലിക്കായി കേരളത്തിലെത്തിയ സമീന്‍ ഷേഖ് മാഹിയിലും തലശ്ശേരിയിലുമാണ് താമസിച്ചിരുന്നത്. മലപ്പുറം വാഴക്കാട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മുന്‍പും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.