കാസര്‍കോട്: അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 3,000 രൂപയും മോഷണം പോയ വീടിന് 200 മീറ്ററോളം അകലെ താമസിക്കുന്ന ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ മുതുവത്ത് തൊട്ടിയില്‍ കെ.ആര്‍. ബാലകൃഷ്ണന്‍ (63) ആണ് വ്യാഴാഴ്ച (നവംബര്‍ 19) ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചത്. മോഷണക്കേസില്‍ മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മരണവും മോഷണവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.പെരിയാട്ടടുക്കം നീരാറ്റിലെ പി. ധന്യയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.15-ന് വീട് പൂട്ടി താക്കോല്‍ മീറ്റര്‍ബോക്‌സിനുള്ളില്‍ വെച്ച ശേഷം ധന്യ പ്രഭാതനടത്തത്തിന് പോയിരുന്നു. 6.05-ന് തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഈ സമയത്തിനുള്ളില്‍ മീറ്റര്‍ബോക്‌സില്‍ നിന്ന് താക്കോലെടുത്ത് വീട് തുറന്ന് അകത്തുകടന്ന മോഷ്ടാവ്, കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടുപവന്റെ വള, മൂന്നുപവന്റെ കൈച്ചെയിന്‍, 3,000 രൂപ എന്നിവ കവരുകയായിരുന്നു. ധന്യയുടെ പരാതിയില്‍ ബേക്കല്‍ പോലീസും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ച് ഓടിയ പോലീസ് നായ ബാലകൃഷ്ണന്റെ പറമ്പിലേക്കും കയറിയതായി നാട്ടുകാര്‍ പറഞ്ഞു.പരാതിക്കാരി സംശയം പ്രകടിപ്പിച്ചവരുടെ പട്ടികയില്‍ ബാലകൃഷ്ണന്റെ പേരുമുണ്ടായിരുന്നു. പ്രാഥമികമായി ഇദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്ത പോലീസ് സംഘം ഉച്ചയോടെ വീണ്ടും പ്രദേശത്തെത്തി. വിശദമായ മൊഴി നല്‍കുന്നതിനായി സ്റ്റേഷനില്‍ എത്താന്‍ അച്ഛനോട് പറയണമെന്ന് ബാലകൃഷ്ണന്റെ മകനെ പോലീസ് ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിനടുത്തുള്ള മരത്തില്‍ ബാലകൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം തന്നെയാണ് ഇദ്ദേഹത്തെ താഴെയിറക്കി പോലീസ് വാഹനത്തില്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരാതിക്കാരി സംശയം ഉന്നയിച്ച എല്ലാവരെയും വിശദമായ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിപ്പിച്ചിരുന്നുവെന്നും, അക്കൂട്ടത്തിലാണ് ബാലകൃഷ്ണനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.