പുതിയ യശ്വന്ത്പുര്‍-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ കര്‍ണാടക തീരദേശ മേഖലയിലേക്കുള്ള മറ്റ് 13 ട്രെയിനുകളുടെ സമയക്രമത്തില്‍ വന്‍ മാറ്റത്തിന് സാധ്യത. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന സഖലേഷ്പുര്‍-സുബ്രഹ്‌മണ്യ റോഡ് പാത വഴിയാണ് വന്ദേ ഭാരത് ഓടുന്നത്. ബെംഗളൂരുവിനെ തീരദേശ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സിംഗിള്‍ ലൈന്‍ റൂട്ടായതിനാല്‍, വന്ദേ ഭാരതിന് മുന്‍ഗണന നല്‍കുന്നതോടെ മറ്റ് ട്രെയിനുകള്‍ വൈകാനും സമയക്രമം തലകീഴായി മറിയാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ദിനംപ്രതി 15,000-ത്തിലധികം വരുന്ന സാധാരണ യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കും.
പാതയിലെ പ്രധാന സര്‍വീസായ ഗോമതേശ്വര എക്‌സ്പ്രസിന്റെ സമയത്തിലാണ് വലിയ വ്യതിയാനം ഉണ്ടാകാന്‍ പോകുന്നത്. നിലവില്‍ രാവിലെ 7 മണിക്ക് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് വൈകുന്നേരം 4:30-ന് യശ്വന്ത്പുരിലെത്തുന്ന ഈ ട്രെയിന്‍, പുതിയ ടൈംടേബിള്‍ പ്രകാരം രാവിലെ 11:30-നാകും യാത്ര തിരിക്കുക. രാത്രി 10:15-നാണ് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിച്ചേരുക. ഇതുപോലെ രാത്രി 8:50-ന് ബെംഗളൂരുവില്‍ എത്തിയിരുന്ന കാര്‍വാര്‍-യശ്വന്ത്പുര്‍ ട്രെയിനും ഇനിമുതല്‍ രാത്രി 10:15-ന് മാത്രമേ ലക്ഷ്യസ്ഥാനത്തെത്തൂ.
യശ്വന്ത്പുര്‍-ഹസ്സന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ വേഗതയിലും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും. ഇരുവശങ്ങളിലേക്കും മണിക്കൂറില്‍ 55 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ മാത്രമേ ഈ ട്രെയിന് സഞ്ചരിക്കാനാകൂ. ഒറ്റ വരി പാതയായതിനാല്‍ ഏതെങ്കിലും ഒരു ട്രെയിന്‍ വൈകിയാല്‍ പോലും ഈ റൂട്ടിലെ മറ്റ് സര്‍വീസുകളെല്ലാം മുടങ്ങുന്ന സ്ഥിതിയുണ്ടാകും. വന്ദേ ഭാരതിന്റെ വരവ് യാത്രാസൗകര്യം കൂട്ടുമെങ്കിലും സാധാരണക്കാരായ പതിനായിരക്കണക്കിന് യാത്രക്കാരുടെ പ്രതിദിന യാത്രയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്ക ശക്തമാണ്.