കേരളത്തില്‍ പീക്ക് ഡിമാന്‍ഡില്‍ വന്‍ കുറവ്;നവംബര്‍ ആദ്യവാരം വൈദ്യുതി പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങല്‍ കരാറുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, വന്‍ തുകയുടെ കരാറുകളൊന്നുമില്ലാതെ തന്നെ സംസ്ഥാനത്ത് വൈദ്യുതി വിതരണം സുഗമമായി മുന്നോട്ട്. നവംബര്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ വിലകൂടിയ കരാറുകളെ ആശ്രയിക്കാതെ തന്നെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കെഎസ്ഇബി കണക്കുകൂട്ടിയതിനേക്കാള്‍ കുറഞ്ഞ പീക്ക് ഡിമാന്‍ഡും ഉപയോഗവുമാണ് നിലവിലുള്ളത്. ഈ മാസങ്ങളില്‍ 5488 മെഗാവാട്ട് പീക്ക് ഡിമാന്‍ഡ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ആദ്യ അഞ്ച് ദിവസങ്ങളില്‍ 521 മുതല്‍ 1008 മെഗാവാട്ട് വരെ കുറവ് രേഖപ്പെടുത്തി. പ്രതിദിന ഉപയോഗത്തിലും 0.31 എംയു മുതല്‍ 8.7 എംയു വരെ കുറവുണ്ടായി.

നിലവിലുള്ള കരാറുകള്‍ വഴിയും തത്സമയ വിപണി വഴിയുമാണ് നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഉപയോഗം കുറഞ്ഞതോടെ പകല്‍ സമയങ്ങളില്‍ വന്‍തോതില്‍ വൈദ്യുതി സറണ്ടര്‍ ചെയ്യുന്നുണ്ട്. ആദ്യ അഞ്ചുദിവസങ്ങളിലായി 8.59 എംയു മുതല്‍ 11.35 എംയു വരെ വൈദ്യുതിയാണ് തിരികെ നല്‍കിയത്.
ഫെബ്രുവരി വരെ തത്സമയ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിന് പകലും രാത്രിയും ഒരുപോലെ വൈദ്യുതി വാങ്ങുന്ന ദീര്‍ഘകാല കരാറുകള്‍ ശരിക്കും ആവശ്യമുണ്ടോ എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. നിലവിലെ വിവരങ്ങള്‍ കൂടി പരിശോധിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ കരാര്‍ ഏതാണെന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *