ആശുപത്രിയില്‍ വച്ച് മരിച്ച വയോധികയുടെ സ്വര്‍ണ്ണമാല കാണാനില്ല; അന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ചിന്

കാഞ്ഞങ്ങാട്: ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ സ്വര്‍ണ്ണമാല കാണാതായ സംഭവത്തില്‍ അന്വേഷണം കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിട്ടു. ബളാംതോട് മുന്തന്റെ മൂലയില്‍ പരേതയായ ഡി. രത്‌നമ്മയുടെ (74) മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു രത്‌നമ്മ മരിച്ചത്. അമ്മയുടെ ആഭരണം കാണാതായതിനെ തുടര്‍ന്ന് മകനും തിരുവനന്തപുരം നെയ്യാര്‍ഡാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ജെ. രത്‌നകുമാര്‍ ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജിന് നല്‍കിയ പരാതിയിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

മരണദിവസം വൈകീട്ടോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രത്‌നമ്മയെ മകള്‍ ദീപയും അയല്‍വാസി ഗിരിജിയും ചേര്‍ന്നാണ് ആദ്യം കോളിച്ചാലിലെയും തുടര്‍ന്ന് മാവുങ്കാലിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചത്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇവര്‍ മരണപ്പെട്ടിരുന്നു. മാവുങ്കാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രത്‌നമ്മയുടെ കഴുത്തില്‍ സ്വര്‍ണ്ണമാലയുണ്ടായിരുന്നതായി കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നു. രാത്രി 7.45 മുതല്‍ 8.30 വരെയാണ് മൃതദേഹം ഈ ആശുപത്രിയിലുണ്ടായിരുന്നത്. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റിയ മൃതദേഹം പിറ്റേന്ന് രാവിലെയോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലപ്രദമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് രത്‌നകുമാര്‍ പറഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ പോലീസ് മേധാവിയെ നേരിട്ട് സമീപിച്ചത്.
അതേസമയം, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതരും പോലീസിനെ സമീപിച്ചിട്ടുണ്ട്. ആഭരണം നഷ്ടപ്പെട്ടത് തങ്ങളുടെ സ്ഥാപനത്തില്‍ വച്ചല്ലെന്നും തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കിയ ആശുപത്രി അധികൃതര്‍, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് കൈമാറിയതായി അറിയിച്ചു. പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *