തോളിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയിലേക്ക് കൊണ്ടുപോകുന്നു. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് കേന്ദ്രത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റി മുന്‍പ് ദയാവധം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അനന്ത് അംബാനിയുടെ ഇടപെടലിലൂടെ കുട്ടിയാനയ്ക്ക് ജീവന്റെ പുതിയ പ്രതീക്ഷ ലഭിക്കുകയായിരുന്നു.
നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള കുട്ടിയാനയെ ക്രെയിന്‍ ഉപയോഗിച്ചാണ് പ്രത്യേക ലോറിയിലേക്ക് മാറ്റുന്നത്. തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് പ്രത്യേക ചാര്‍ട്ടേഡ് വിമാനമാര്‍ഗം വന്‍താരയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും. വൈകുന്നേരത്തോടെ വിമാനം ജാംനഗറിലെത്തും. വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്‌ക്കൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. വന്‍താരയിലെ വിദഗ്ധ പരിചരണത്തിലൂടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ കുട്ടിയാനയെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ അറിയിച്ചു.