പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്.

കണ്ണൂര്‍: ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ‘സില്‍ക്കി’ല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും പ്രധാനപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ‘കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ’ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയിരുന്നത്. 12 കോടി രൂപയുടെ കരാറുകളാണ് കമ്പനിക്ക് ലഭിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും 5 പ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവയിലെ സാങ്കേതിക വിവരങ്ങള്‍ പരിശോധിക്കുന്നതിനായി വിജിലന്‍സ് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്.കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നല്‍കിയതില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടിയുടെ പദ്ധതികള്‍ ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കമ്പനിക്ക് നല്‍കിയെന്നും ഇതില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *