കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ നോക്കി; റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 51 കിലോ കഞ്ചാവ് കണ്ടെടുത്തു!

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ ലഹരി ശേഖരം കണ്ടെത്തി. റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 51.750 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വിപണിയില്‍ ഏകദേശം 25.88 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

റെയില്‍വേ മാര്‍ഗ്ഗം കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്, തൃശൂര്‍ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനുകളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിവരികയായിരുന്നു. സെപ്റ്റംബര്‍ 16-ന് പരിശോധന നടത്തുന്നതിനിടെയാണ് ട്രെയിനുകള്‍ പുറപ്പെട്ടതിനു ശേഷം പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 5 ബാക്ക്പാക്ക് ബാഗുകള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആര്‍.പി.എഫിന്റെ സഹായത്തോടെ ബാഗുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു.

ഓരോ ബാഗിലും 2 കിലോഗ്രാം വീതം തൂക്കമുള്ള 5 പാക്കറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ പച്ച നിറത്തിലുള്ള പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച് ബ്രൗണ്‍ കളര്‍ അഡ്ഹസീവ് ടേപ്പ് ഉപയോഗിച്ച് അതീവ സുരക്ഷിതമായാണ് ഇവ പൊതിഞ്ഞിരുന്നത്. ലഹരി കടത്താന്‍ ശ്രമിച്ച പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ തുടര്‍ നടപടികള്‍ക്കായി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *