കോയമ്പത്തൂരില്‍ പത്ത് കോടിയോളം രൂപ വിലവരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരള പോലീസ്. സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായ ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അതിസാഹസികമായി അറസ്റ്റ് ചെയ്തു. വന്‍ ലഹരി മാഫിയയുടെ മുഖ്യകണ്ണികള്‍ അടക്കം പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി ഉയര്‍ന്നു.
ബിഹാറിലെ ഭാഗല്‍പുര്‍, തമിഴ്നാട്ടിലെ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് അതിവിദഗ്ധമായി മലപ്പുറം പോലീസ് പ്രതികളെ പിടികൂടിയത്. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാല്‍ സ്വദേശി അഖില്‍ ജോയ് (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീന്‍ (26) എന്നിവരെ ബിഹാറിലെ ഭാഗല്‍പുരില്‍ വെച്ചും, തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാര്‍ത്തികിനെ (32) ചെന്നൈയില്‍ വെച്ചുമാണ് അന്വേഷണസംഘം വളഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച വന്‍ ലഹരിവേട്ട നടന്നത്. ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ പലരും മുന്‍പ് കൊലപാതകം, കവര്‍ച്ച, ലഹരിക്കടത്ത് തുടങ്ങി നിരവധി കൊടുംക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി.
പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പത്തോളം സംസ്ഥാനങ്ങളിലായാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒരാഴ്ചയോളം നീണ്ട അതിസൂക്ഷ്മമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പൂട്ടിയത്. കണ്ണൂര്‍ സിറ്റി ഡാന്‍സാഫ് നല്‍കിയ നിര്‍ണായക രഹസ്യവിവരങ്ങളും അന്വേഷണത്തില്‍ വലിയ വഴിത്തിരിവായി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന വന്‍കിട അന്തര്‍സംസ്ഥാന മാഫിയയാണ് കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുകളും കഞ്ചാവും എത്തിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ വരെ വേരുകളുള്ള ഈ വന്‍ മാഫിയയെ വേരോടെ പിഴുതെറിയാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് പഴുതടച്ച നീക്കങ്ങള്‍ നടന്നത്. ഡിവൈ.എസ്.പി.മാരായ സുഭാഷ് ബാബു, എന്‍.ഒ. സിബി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. നൗഷാദ്, സംഗീത് പുനത്തില്‍, സബ് ഇന്‍സ്‌പെക്ടര്‍ നിജീഷ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളും അടങ്ങുന്ന മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂര്‍ സ്റ്റേഷനുകളിലെ കേസുകള്‍ക്ക് പുറമെ തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.