ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങള്‍ അടിസ്ഥാനമാക്കി ഫിഫ ആദ്യമായി പുറത്തിറക്കിയ പവര്‍ റാങ്കിംഗില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ട് മത്സരങ്ങളിലെയും പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഈ പുതിയ റാങ്കിംഗ് സിസ്റ്റം തയ്യാറാക്കിയിരിക്കുന്നത്. ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ വിഭാഗങ്ങളിലായി 0 മുതല്‍ 10 വരെയുള്ള സ്‌കോറുകള്‍ നല്‍കിയാണ് ഓരോ കളിക്കാരനെയും ഫിഫ വിലയിരുത്തുന്നത്. ആറു ഗോളുകളുമായി നിലവില്‍ ടോപ് സ്‌കോററായ മെസി, ജോര്‍ദാനെതിരായ മത്സരത്തിലെ ഫ്രീ കിക്ക് ഗോളിലൂടെയാണ് ഒന്നാം സ്ഥാനം ഭദ്രമാക്കിയത്.
എംബാപ്പെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നപ്പോള്‍ ജര്‍മ്മന്‍ താരം ഡെനിസ് ഉണ്ടാവ് മൂന്നാം സ്ഥാനത്തെത്തി. നോര്‍വെക്കെതിരെ ഗോളടിച്ചില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെയാണ് എംബാപ്പെ റാങ്കിംഗില്‍ മുന്നേറിയത്. അതേസമയം, പകരക്കാരനായി ഇറങ്ങി വിസ്മയം തീര്‍ത്ത ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ ഡെനിസ് ഉണ്ടാവ് ടൂര്‍ണമെന്റിലുടനീളം മികച്ച കണക്കുകള്‍ സ്വന്തമാക്കിയാണ് മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബലെ ഹാട്രിക് നേട്ടത്തോടെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഏര്‍ലിംഗ് ഹാലണ്ട് ഏഴാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച തുടക്കത്തിന് ശേഷം കൊളംബിയക്കെതിരായ മത്സരത്തില്‍ നിറം മങ്ങിയതോടെ 79-ാം സ്ഥാനത്തേക്ക് വീണു. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ പരാഗ്വേയുടെ ഗോള്‍കീപ്പര്‍ ഒര്‍ലാണ്ടോ ഗില്‍ പുറത്തെടുത്ത വീരോചിത പ്രകടനം അദ്ദേഹത്തിന് ഗോള്‍കീപ്പര്‍മാരില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്തു.
കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച ഈ റാങ്കിംഗ് സിസ്റ്റം ആരാധകര്‍ക്കിടയില്‍ വലിയ താല്‍പ്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകകപ്പിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഈ റാങ്കിംഗില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരെ കണ്ടെത്താനും അവരുടെ വ്യക്തിഗത മികവ് അളക്കാനും ഈ റാങ്കിംഗ് സംവിധാനം വലിയൊരു നാഴികക്കല്ലാകുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്.