കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു

രാജപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്റിനറി ഡിസ്പെന്‍സറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുളമ്പുരോഗത്തിന്റെ പ്രതിരോധ കുത്തിവെയ്പ്പ് എട്ടാം ഘട്ടം ജൂണ്‍ 19 മുതല്‍ ജൂലൈ 13 വരെ നടക്കും . മൃഗ സംരക്ഷണവകുപ്പിന്റെ വാക്‌സിനേഷന്‍ സ്‌ക്വാഡ് കര്‍ഷകരുടെ വീടുകളില്‍ എത്തി, പശുക്കള്‍ക്കും എരുമകള്‍ക്കും സൗജന്യമായി വാക്‌സിനേഷന്‍ നല്‍കും.കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം 20,000 കോടിയോളം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. രോഗം ബാധിച്ച കന്നുകാലികളില്‍ നിന്ന് മറ്റ് കന്നുകാലികളിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ വേഗത്തില്‍ വൈറസ് പകരും. കറവപ്പശുക്കളുടെ പാലുല്‍പ്പാദനം ഗണ്യമായി കുറയുകയുമെന്ന് മാത്രമല്ല, മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അനുബന്ധ അണുബാധകള്‍ പിടിപെട്ട് രോഗം ഗുരുതരമാവാനും ഗര്‍ഭിണി പശുക്കളുടെ ഗര്‍ഭമലസാനും അകാലത്തില്‍ ചത്തുപോവാനും ഇടയുണ്ട്. രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട പശുക്കള്‍ക്ക് പഴയ ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും വീണ്ടെടുക്കാന്‍ കഴിയാറില്ല.
ആറ് മാസത്തെ ഇടവേളയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പിലൂടെ മാത്രമേ കുളമ്പ് രോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുകയുള്ളൂ. കോടോം ബേളൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ ലൈവ്‌സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ ഓ ആര്‍ ന് വാക്‌സിനേഷന്‍ കിറ്റ് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു.
വെറ്റിനറി സര്‍ജന്‍ ഡോ. അഞ്ജിത ശിവന്‍, കാലിച്ചാനടുക്കം ക്ഷീരസംഘം സെക്രട്ടറി രഞ്ജിത്ത്, അറ്റന്റന്റ് ജയന്തി , പാര്‍ട്ട് ടൈം സ്വീപ്പര്‍ ബാലകൃഷ്ണന്‍ ,ക്ഷീരകര്‍ഷകന്‍ രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *